വൈക്കം: താലുക്ക് എൻ.എസ്. എസ് യൂണിയൻ സെപ്തംബർ 13 ന് നടത്തുന്ന മഹാസമ്മേളനത്തിന് മുന്നോടിയായി 28,29 തീയതികളിൽ വിളംബര രഥഘോഷയാത്ര നടത്തും. 28 ന് രാവിലെ 8.30 ന് വൈക്കം വടക്കേ കവലയിലുള്ള മന്നം പ്രതിമയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ യണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ടി വി പുരം പഞ്ചായത്തിലെ പള്ളിപ്പുറത്ത്‌ശ്ശേരി, തലയാഴം, വെച്ചൂർ, കല്ലറ, മാഞ്ഞൂർ, ഞീഴൂർ പഞ്ചായത്തുകളിലെ വിവിധ കരയോഗങ്ങളിലെ പ്രധാന ഭാഗങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകിട്ട് 6 30 ന് കടുത്തുരുത്തി ജംഗ്ഷനിൽ സമാപിക്കും. 29 ന് രാവിലെ 8.30 ന് മുളക്കുളം പഞ്ചായത്തിലെ കീഴൂർ പ്ലാച്ചുവട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന രഥ ഘോഷയാത്ര മുളക്കുളം, വെള്ളൂർ, ചെമ്പ്, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 6. 30 ന് വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ സമാപിക്കും. 13 പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലി​റ്റിയിലുമായി 50 കേന്ദ്രങ്ങളിലാണ് സ്വീകരണം. നായർ മഹാസമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ശക്തി പ്രകടനത്തിൽ 97 കരയോഗങ്ങളിൽ നിന്നായി ഏകദേശം കാൽ ലക്ഷം അംഗങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.