പാലാ : മലയാളത്തിന്റെ അനശ്വരകവി വയലാർ രാമവർമ്മയെയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെയും അനുസ്മരിച്ചു കൊണ്ട് പാലാ സെന്റ് തോമസ് കോളേജിലെ വയലാർ ഫാൻസ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. വയലാർ എന്ന കവിയെയും അദ്ദേഹത്തിന്റെ ചലച്ചിത്ര, ഭക്തി, ലളിത,നാടക ഗാനങ്ങളെയും പുതുതലമുറ ആസ്വദി ക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് വിശിഷ്ടാതിഥിയായി എത്തിയ വയലാർ രാമവർമ്മയുടെ പുത്രനും ചലച്ചിത്ര ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു. എല്ലാം വിപണിവത്കരിക്കപ്പെട്ടിരിക്കുന്ന കാലത്ത് സംഗീതവും കലയും കുടുംബ ബന്ധങ്ങളുമെല്ലാം അത്തരം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വയലാറിന്റെയും വയലാർ ശരത്തിന്റെയും സിനിമാ ഗാനങ്ങളുടെ ആലാപനവും ദൃശ്യാവിഷ്‌ക്കാരങ്ങളും പരിപാടിയെ വേറിട്ടതാക്കി. മലയാള സമാജത്തിന്റെ ഉദ്ഘാടനം നടത്തിയ വയലാർ ശരത്ചന്ദ്രവർമ്മ പതിവ് പ്രഭാഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്കിടയിൽ ഇരുന്ന് സംവദിച്ചതും പുതുമയുള്ള അനുഭവമായി. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. സാൽവിൻ കെ.തോമസ്, മലയാള വിഭാഗം മേധാവി ഡോ.സോജൻ പുല്ലാട്ട്, സമാജം കോഡിനേറ്റർ ഡോ. സുവർണ്ണനീ ദേവി, മലയാള സമാജം പ്രസിഡന്റ് ജെൻസൺ ജോസഫ്, പ്രതിനിധികളായ ബെനീറ്റ് ബെന്നി, ജിയോൺസ് റെന്നി, ഫാ.ജോജു ജയിംസ് എന്നിവർ നേതൃത്വം നൽകി.