അകലകുന്നം: അകലകുന്നം പഞ്ചായത്ത് രണ്ടാം വാർഡിൽപ്പെട്ട പേഴുംകാട്ടിൽ, ഉള്ളാട്ടിൽ ഭാഗം പ്രകാശപൂരിതമായി. ഈ ഭാഗത്തേക്ക് വൈദ്യുതി എത്തിയിരുന്നത് പുരയിടങ്ങളിലൂടെയായിരുന്നു. ചെറിയ കാറ്റിലും മഴയിലും വൈദ്യുതി മുടക്കവും, വോൾട്ടേജ് ക്ഷാമവും പതിവായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച 5 ലക്ഷം രൂപ വൈദ്യുതി ബോർഡിൽ നിക്ഷേപിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടത്. പുരയിടങ്ങളിലൂടെയുള്ള ഇലക്ട്രിക് ലൈനുകൾ റോഡിലൂടെയാക്കിയും പുതിയ ത്രീഫേസ് ലൈൻ റോഡിലൂടെ വലിച്ചും തെരുവുവിളക്കുകൾക്കായി പുതിയ സ്ട്രീറ്റ് ലൈൻ വലിച്ചും പരിഹാരം കണ്ടെത്തി. ജോസ്‌മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, അകലകുന്നം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലത ജയൻ, കൊഴുവനാൽ സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് എമ്മാനുവേൽ നെടുംപുറം എന്നിവർ പ്രസംഗിച്ചു.