കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് ആന എഴുന്നള്ളത്തിന് നീക്കിവച്ച തുക ചെലവഴിച്ച് നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ കല്ലിടീൽ നടന്നു. മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് ആന ഇടഞ്ഞുണ്ടായ ദുരന്തങ്ങൾ മുൻനിറുത്തിയാണ് ശ്രീകുമാരമംഗലം ദേവസ്വം ആനയെ ഒഴിവാക്കി ശാഖാംഗത്തിന് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചത്. ദേവസ്വത്തിലെ നാല് അംഗ ശാഖകളിൽ ഉൾപ്പെട്ട ക്ലേശ കുടുംബങ്ങളിൽ നിന്നാണ് അർഹരായ ഒരാളെ തിരഞ്ഞെടുത്തത്. ആനയുടെ പാട്ടത്തുകയോടൊപ്പം സുമനസുകളുടെ സഹായവും ലഭിച്ചു. കുമരകം 11-ാം വാർഡിൽ മേലേക്കര ഭാഗത്ത് എസ്.എൻ.ഡി.പി യോഗം 155-ാം നമ്പർ പടിഞ്ഞാറുംഭാഗം ശാഖാംഗമായ മേലേക്കര വീട്ടിൽ ഉഷാ ഷിജുവിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ്, സെകട്ടറി കെ.പി.ആനന്ദക്കുട്ടൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ദേവസ്വം ഖജാൻജി പി.ജി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.ബി. രഞ്ജിത്ത്, 155 -ാം നമ്പർ ശാഖാ പ്രസിഡന്റ് എസ്.ഡി.പ്രസാദ്, ഭരണസമിതി അംഗങ്ങളായ പി. ടി.ആനന്ദൻ, ജയ്മോൻ മേലേക്കര,സന്തോഷ് അമ്മങ്കരി, പി.എ.അനീഷ് തൈത്തറ, കുടുംബാംഗങ്ങൾ, ശാഖാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.