കോട്ടയം: ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ സഹകരണ മേഖല മാതൃകയാണെന്ന് മന്ത്രി വി.എൻ വാസവൻ. സംസ്ഥാന സഹകരണ ജീവനക്കാരുടെ വെൽഫെയർ ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസമികവിനുള്ള സ്‌കോളർഷിപ്പു വിതരണവും കുടിശിക ഒഴിവാക്കിയുള്ള അംഗത്വ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മറവൻതുരുത്ത് ക്ഷീരോത്പാദകസഹകരണ സംഘത്തിലെ എം.അമ്പിളിക്ക് അംഗത്വം നൽകി. കോട്ടയം സാഹിത്യപ്രവർത്തകസഹകരണസംഘം ഹാളിൽ നടന്ന ചടങ്ങിൽ കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എം രാധാകൃഷ്ണൻ, അഡ്വ.റെജി സക്കറിയ, ഇ.നിസാമുദീൻ, കെ.പ്രശാന്ത്, ബിനു കാവുങ്കൽ, കെ.വി പ്രമോദ്, ശ്രീനാഥ് രഘു എന്നിവർ പങ്കെടുത്തു.