ചങ്ങനാശ്ശേരി : വികസനമില്ലാതെ തിങ്ങി ഞെരുങ്ങി നാലുകോടി ജംഗ്ഷൻ. ചങ്ങനാശേരി - കവിയൂർ റോഡ്, തെങ്ങണ - പെരുന്തുരുത്തി ബൈപാസ് റോഡ് എന്നിവ സംഗമിക്കുന്ന ജംഗ്ഷനാണ് വർഷങ്ങളായി അവഗണന നേരിടുന്നത്. വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും പൊതുജനങ്ങളും വർഷങ്ങളായി വികസനത്തിനായി മുറവിളി കൂട്ടുകയാണ്. റോഡിലുണ്ടാകുന്ന വെള്ളക്കെട്ടാണ് തീരാദുരിതം. കവിയൂർ റോഡ് ഉയർന്നതോടെയാണ് ബൈപാസ് റോഡിന്റെ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായത്. വെള്ളക്കെട്ടിനകത്തെ കുഴി തിരിച്ചറിയാതെ ആളുകൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. സ്വകാര്യ കേബിളുകാരാണ് വെള്ളക്കെട്ടിൽ കുഴിയെടുത്തത്.

കച്ചവടവുമില്ല, വ്യാപാരികൾക്ക് ദുരിതം

വെള്ളക്കെട്ട് കാരണം റോഡരികിലെ വ്യാപാരികളുടെ കച്ചവടവും മുടങ്ങി. കവിയൂർ റോഡിലെ കുഴികാരണം നാലുകോടി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പതിവാണ്. രാത്രി അമിവേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. കഴിഞ്ഞ ദിവസവും അപകടമുണ്ടായി. കുഴി കണ്ട് വാഹനം വെട്ടിക്കുമ്പോഴാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.