കുമരകം: ശ്രീനാരായണ ജയന്തി മത്സരവള്ളംകളിയുടെ മുന്നോടിയായി നടക്കുന്ന സാംസ്കാരിക ഘോഷയാത്ര 31ന് വൈകിട്ട് 3.30ന് നടക്കും. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേയ്‌സ് ക്ലബ്, കുമരകം ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഘോഷയാത്രയുടെ പ്രചാരണാർഥം ക്ലബ് പ്രവർത്തകർ ഭവനസന്ദർശനം നടത്തി. ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ഘോഷയാത്ര ആറ്റാമംഗലം പള്ളി അങ്കണത്തിൽ സംഗമിക്കും. സെപ്തംബർ 7നാണ് ശ്രീനാരായണ ജയന്തിമത്സര വള്ളംകളി. മുത്തുക്കുടകളേന്തിയ വിദ്യാർത്ഥികൾ, മാനവമൈത്രി വിളിച്ചോതുന്ന രഥവും, മാവേലി തമ്പുരാനും, കഥകളി വേഷം, തൃശൂരിൽ നിന്ന് പുലിപ്പടയും റാകിപ്പറക്കുന്ന ചെമ്പരുന്ത്, നൃത്തം, ബാൻഡ് മേളം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. ആറ്റാമംഗലം പള്ളി പാരിഷ് ഹാളിൽ 6 മുതൽ ചെണ്ട,വയലിൻ ഫ്യൂഷൻ, സിനിമാറ്റിക് ഷോ, വഞ്ചിപ്പാട്ട്, തിരുവാതിര, ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി, കോൽക്കളി, ചിന്തുപാട്ട്, ഉടുക്കുപാട്ട്, ഗാനമേള എന്നിവ നടക്കും. മന്ത്രി വി.എൻ.വാസവൻ, കെ.ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകസമിതി അദ്ധ്യക്ഷയും പഞ്ചായത്ത് പ്രസിഡന്റുമായ ധന്യാ സാബു, കൺവീനർ കെ.ജി.ബിനു, ജോയിന്റ് കൺവീനർ ബേബി ജോസ്, ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേയ്‌സ് ഭാരവാഹികളായ വി.പി.അശോകൻ,എസ്.ഡി. പ്രേംജി, എസ്.വി സുരേഷ്കുമാർ എന്നിവർ അറിയിച്ചു.