വൈക്കം: കിഫ്ബിയുടെ 157 കോടി രൂപ ധനസഹായത്തോടെ നിർമ്മിക്കുന്ന വൈക്കം വെച്ചൂർ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അവസാന നടപടിക്രമമായ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ (കെ.എൽ.എൽ.ആർ.ആർ) നിയമപ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് നോട്ടിഫിക്കേഷൻ തീയതി മുതൽ 30 ദിവസത്തെ നോട്ടീസ് നൽകി ഭൂമി ഏറ്റെടുക്കുന്ന 963 ഭൂവുടമകളെയും നേരിൽ കേട്ട് ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിനുശേഷം ഭൂമി വില കൈമാറാനാകുമെന്ന് സി.കെ ആശ എം.എൽ.എ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായി 85.77 കോടി രൂപ കിഫ്ബിയിൽനിന്നും കേരള റോഡ് ഫണ്ട് ബോർഡ് മുഖാന്തിരം ഭൂമി ഏറ്റെടുക്കൽ സ്‌പെഷ്യൽ തഹസിൽദാർക്ക് കൈമാറിയിരുന്നു. വില നൽകി ഭൂമി ഏറ്റെടുത്ത് സമയബന്ധിതമായി റോഡ് നിർമാണം ആരംഭിക്കാനാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എം.എൽ.എ അറിയിച്ചു.