പാലാ: റബറിന് 250 രൂപ തറവില പ്രഖ്യാപിക്കും എന്ന വാഗ്ദാനം പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള റബ്ബർ ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ആന്റണി ഞാവള്ളി അദ്ധ്യക്ഷത വഹിച്ചു.ടാപ്പിംഗ് കൂലി, രാസവളം വില, റെയിൻ ഗാർഡിങ് ചിലവ് എന്നിവയിൽ ഉണ്ടായ വില വർദ്ധനവ് മൂലം ഉത്പാദനച്ചെലവ് വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനം മൂലം ഇലപൊഴിച്ചിൽ രൂക്ഷമായതിനാൽ ലാറ്റക്‌സിന്റെ അളവ് കുത്തനെ കുറഞ്ഞിരിക്കുകയാണ്. കനത്ത മഴ മൂലം അഞ്ച് മാസത്തെ ടാപ്പിങ്ങ് മുടങ്ങിയതിനാൽ കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന റബർ കർഷകർ സാമ്പത്തിക തകർച്ചയിലാണെന്നും യോഗം അഭിപ്രായപ്പെട്ടു.റബ്ബറിന് ആഭ്യന്തര വില കുറയുമ്പോഴും സർക്കാരും റബ്ബർ ബോർഡും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.