മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ നേതൃത്വം നൽകുന്ന സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ധനസഹായം നൽകുന്ന "കാരുണ്യ സ്പർശം" പദ്ധതി ഉദ്ഘാടനം ചെയ്തു. കിടപ്പുരോഗികൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കോരുത്തോട്- കൊമ്പുകുത്തിയിൽ സ്വാതന്ത്ര്യ സമര സേനാനി എം.കെ രവീന്ദ്രൻ വൈദ്യർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ലതാ സുശീലിന്റെ അദ്ധ്യക്ഷതയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുധീർ, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാണി , ജോർജ് കരീക്കുന്നേൽ, ഷാജി തുണ്ടത്തിൽ, ജോസഫ് പെരുവാച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഓരോ ഭവനങ്ങളിലും എം.എൽ.എ നേരിട്ട് എത്തി കിറ്റുകൾ കൈമാറി. വരും ദിവസങ്ങളിൽ മുഴുവൻ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട കിടപ്പ് രോഗികളുടെ ഭവനങ്ങളിൽ എത്തി കിറ്റുകൾ കൈമാറുമെന്നും എം.എൽ.എ അറിയിച്ചു.