വൈക്കം: വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ തലയോലപ്പറമ്പിൽ വിദ്യാർത്ഥികൾ ഓണപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഈ വിദ്യാർത്ഥി സംരംഭം, ഇന്നലെ വിളവെടുപ്പ് ഘട്ടത്തിലെത്തി. വിവിധ നിറങ്ങളിൽ വിരിഞ്ഞ പൂക്കളുടെ വിളവെടുപ്പ് സ്‌കൂൾ പരിസരത്തെ ഉത്സവാന്തരീക്ഷത്തിലാക്കി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ സജിനി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ശ്രീരഞ്ജിത്ത്, പൂകൃഷിക്ക് നേതൃത്വം നൽകിയ അദ്ധ്യാപിക സൂറത്ത്, സ്‌കൂളിലെ മറ്റ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിളവെടുത്ത പൂക്കൾ ഓണപ്പൂക്കളത്തിനും സ്‌കൂളിലെ കലാപരിപാടികൾക്കും വിനിയോഗിക്കും.