ചങ്ങനാശേരി: തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്‌കൂൾ അങ്കണത്തിൽ വൈവിദ്ധ്യമാർന്ന പുഷ്പങ്ങളുടെ വർണ്ണവിന്യാസത്തിൽ ഒരുക്കപ്പെട്ട അത്തപ്പൂക്കളം ദൃശ്യചാരുതയ്‌ക്കൊപ്പം സ്‌കൂളിന്റെ 37 വർഷത്തെ മികവിന്റെ പ്രതീകമായി മാറി. പതിനഞ്ചടി വ്യാസത്തിൽ 37 കോളങ്ങളിലായി വിവിധ വർണ്ണശോഭയിൽ ഒരുക്കിയ അത്തപ്പൂക്കളം സ്‌കൂളിലെത്തുന്ന ഓരോരുത്തരിലും കൗതുകമുണർത്തി. ട്രഷറർ പ്രിയ കെ.എബ്രഹാമിന്റെയും പ്രിൻസിപ്പൽ ഡോ. സുനിത സതീഷിന്റെയും നേതൃത്വത്തിൽ മൂന്നു ദിവസം കൊണ്ടാണ് പൂക്കളം ഒരുക്കിയത്. സ്‌കൂളിലെ ഈ വർഷത്തെ ഓണാഘോഷത്തിന് ചെയർമാൻ ഡോ.വർക്കി എബ്രഹാം കാച്ചാനത്ത് തിരികൊളുത്തി. മാനേജർ ജോൺസൺ എബ്രഹാം, ഡയറക്ടർ പ്രിജോ കെ.എബ്രഹാം എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ.സുനിത സതീഷ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ സോണി ജോസ് നന്ദിയും പറഞ്ഞു. ഹൗസ്തല അത്തപ്പൂക്കള മത്സരത്തോടൊപ്പം കേരളത്തിന്റെ തനിമ ചോരാത്ത തിരുവാതിരകളി, ഉറിയടി, വടം വലി തുടങ്ങി വൈവിധ്യങ്ങളാർന്ന ഓണക്കാല വിനോദങ്ങളും ഓണാഘോഷങ്ങൾക്ക് വർണ്ണപ്പൊലിമയേകി. വിദ്യാർഥികൾക്ക് പായസത്തോടൊപ്പം മധുരമൂറുന്ന അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഓണാഘോഷം സമാപിച്ചത്.