കോട്ടയം : വാടകയും നികുതിയും നൽകി സ്ഥിരമായി കച്ചവടം നടത്തുന്ന വ്യാപാരികളുടെ നെഞ്ചത്തടിക്കുകയാണ് നഗരസഭ. ഓണക്കാലത്ത് തിരുനക്കരയിൽ പൂക്കച്ചവടം നടത്താൻ അന്യസംസ്ഥാനക്കാർക്ക് താത്കാലിക സംവിധാനം ഒരുക്കിക്കൊടുത്തതാണ് പതിവ് കച്ചവടക്കാർക്ക് പാരയായത്. പതിവായി ഓണക്കച്ചവടത്തിൽ പ്രതീക്ഷയർപ്പിക്കുന്ന വ്യാപാരികളെയാണ് ഇത് നിരാശരാക്കിയത്. തമിഴ്നാട്ടിൽ നിന്ന് പൂവരുത്തിച്ചാണ് ഇവിടെ വ്യാപാരികളുടെ വില്പന. ഇതിനിടെയാണ് ഒരുവിഭാഗം തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ ചാക്കുകളിലാക്കി പൂക്കളുമായി എത്തിച്ച് തെരുവിൽ കച്ചവടം നടത്തുന്നത്. സാധാരണ വ്യാപാരിക്ക് ഒരു വർഷം കറണ്ട് ചാർജും നികുതിയും വാടകയും എല്ലാം ചേർന്ന് ഒരു ലക്ഷത്തിന് മുകളിൽ ചെലവുണ്ട്. ഇതടക്കമുള്ള വരുമാനം കണ്ടെത്താൻ പെടാപ്പാട് പെടുമ്പോഴാണ് ഒരുവിഭാഗം കൗൺസിലർമാരെ സ്വാധീനിച്ച് തമിഴ് സംഘം കച്ചവടം മുഴുവൻ കൊണ്ടുപോകുന്നത്. ഒരുവശത്ത് തെരുവിൽ അനധികൃത കച്ചവടം ഒഴിപ്പിക്കാൻ ഇടപെടുന്ന നഗരസഭ മറുവശത്ത് അന്യസംസ്ഥാനക്കാരായ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നത് അഴിമതി ലക്ഷ്യംവച്ചാണെന്ന് വ്യാപാരികൾ പറയുന്നു. അത്തം മുതലാണ് തെരുവു പതിച്ച് കൊടുക്കുന്നത്. നിരനിരയായി പൂക്കൾ കൂട്ടിയിടുന്നത് കാണുന്ന സാധാരണക്കാർ സ്വാഭാവികമായും പൂക്കടകളിലേയ്ക്ക് ചെല്ലാതെ തമിഴ് സംഘത്തിന്റെ അടുത്തേയ്ക്ക് പോകും. വിലപേശിയും മറ്റും പണവും കുറപ്പിക്കും. ഓണം കഴിയുന്നതോടെ പൂക്കളുടെ ഡിമാൻഡും കുറയും. തങ്ങളും വിലകുറച്ച് പൂക്കൾ നൽകാൻ തയ്യാറാണെന്ന് വ്യാപാരികൾ പറയുന്നു.