അഖില കേരള തന്ത്രിമണ്ഡലം സംസ്ഥാന ട്രഷറർ കൂടിയായ പാൽക്കുളങ്ങര ഗണപതിപോറ്റി തിരുവനന്തപുരത്ത്, കോട്ടയ്ക്കകത്ത് ശ്രീ കല്ലമ്പള്ളി മാർക്കണ്ഡേയ ശാസ്താ ക്ഷേത്രത്തിൽ മുഖ്യ കാര്യദർശിയാണ്. ജ്യോതിഷ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഗണപതി പോറ്റി പരേതനായ ബ്രഹ്മശ്രീ ശംഭു പോറ്റിയുടെയും തങ്കമണി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: സരസ്വതി അന്തർജനം. മകൻ: ജയദർശൻ ജി.എസ്.
..............................
മേടക്കൂറ്
(അശ്വതി, ഭരണി,കാർത്തിക ഒന്നാം പാദം)
മേടക്കൂറുകാർക്ക് കാലം പൊതുവെ അനുകൂലമാണ്. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും. വ്യാഴം മൂന്നും നാലും ഭാവങ്ങളിലും, ശനി പന്ത്രണ്ടാം ഭാവത്തിലും, രാഹു പതിനൊന്നിലും സഞ്ചരിക്കുന്ന കാലമായതിനാൽ സ്ഥാനഭ്രംശം, കാര്യങ്ങൾക്ക് തടസം, ബന്ധുകളിൽ നിന്ന് ശത്രുത എന്നിവ പ്രതീക്ഷിക്കാം. ചിങ്ങ മാസത്തിൽ പൊതുവെ ചെറിയ തിരിച്ചടികൾ നേരിടുമെങ്കിലും വർഷം പകുതിയോടെ നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും. ധനു, മകരം മാസങ്ങളിൽ നേത്ര രോഗങ്ങൾക്ക് സാദ്ധ്യത. വർഷാവസാനത്തോടെ ബന്ധുക്കൾ ശത്രുക്കളായി മാറാനിടയുണ്ട്. ഇക്കാലയളവിൽ ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കണം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. ഭാര്യാഭർതൃബന്ധം കൂടുതൽ ദൃഢമാകും. അഗ്നിഭയമുണ്ടാകാതെ സൂക്ഷിക്കുക. വൃശ്ചിക മാസത്തിൽ ദൂരയാത്ര പുറപ്പെടും. കർക്കടകത്തിൽ ജോലിയിൽ ഉയർച്ചയോ ബിസിനസിൽ ലാഭമോ ഉണ്ടാകും.
ഇടവക്കൂറ്
(കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)
വിദ്യാർത്ഥികൾക്കും ശമ്പളക്കാർക്കും അനുകൂല വർഷം. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും, വ്യാഴം രണ്ടും മൂന്നും ഭാവങ്ങളിലും, ശനി പതിനൊന്നാം ഭാവത്തിലും, രാഹു പത്താം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ന്യായ ഭാവത്തിൽ ധനം ആർജ്ജിക്കുന്നതിനും സമാധാനത്തോടെ ഉറങ്ങുന്നതിനും സാധിക്കും. കന്നി മാസത്തിൽ ജോലിസ്ഥലത്ത് ചെറിയ തിരിച്ചടികൾ നേരിടാം. തുലാം മാസത്തോടെ ഗൃഹാന്തരീക്ഷം പൊതുവെ സമാധാനപരമായിത്തീരും. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക. ഉദരസംബന്ധിയായ രോഗങ്ങൾ പിടിപെടാനും സാദ്ധ്യത. പഴയ സുഹൃത്തുക്കളെ വീണ്ടും കണാൻ അവസരം. വർഷം പകുതിയോടെ തീർത്ഥയാത്ര പോകും. കുംഭമാസത്തിൽ അഗ്നിഭയം, ശത്രുഭയം എന്നിവ നേരിടേണ്ടി വരും. ധൈര്യം, ആത്മവിശ്വാസം, കർമകുശലത എന്നിവ പ്രകടമാക്കും. കാലം പൊതുവെ അനുകൂലമാണ്. രഹസ്യമായ പ്രണയബന്ധങ്ങൾ ഉടലെടുക്കും. അച്ചടി മാദ്ധ്യമ- അദ്ധ്യാപന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1, 2, 3)
ധന-ധാന്യ വർദ്ധനവിനും ഐശ്വര്യ സമൃദ്ധിക്കും യോഗം. കന്നുകാലി സമ്പത്ത് വർദ്ധിക്കും, ദൈവാനുഗ്രഹം ധാരാളമായുള്ള വർഷമാണ്. വ്യാഴം ഒന്നും രണ്ടും ഭാവങ്ങളിലും, ശനി പത്താം ഭാവത്തിലും, രാഹു ഒൻപതാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ജോലി സ്ഥിരതയെ ബാധിക്കാനും ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിനും സാദ്ധ്യത. ഉദര, രക്ത സംബന്ധിയായ രോഗങ്ങളെ കരുതിയിരിക്കണം. സന്താനങ്ങൾ നിമിത്തം ദുഃഖം അനുഭവപ്പെടും. ധനു മാസത്തിൽ ശുഭവാർത്തകൾ കേൾക്കും. മേടമാസത്തിൽ അഗ്നിഭയത്തിനു സാദ്ധ്യത. മിഥുനം അത്ര ശുഭകരമായിരിക്കില്ല. തുടർന്ന് കാലം അനുകൂലമാകും. ദാമ്പത്യ വിജയം, മനഃസമാധാനം എന്നിവ വർഷാവസാനത്തോടെ സംജാതമാകും. വിഷ്ണു ക്ഷേത്രങ്ങളിൽ വഴിപാട് നടത്തുന്നത് നല്ലതാണ്. അനാവശ്യ വിവാദങ്ങളിൽപ്പെടാതെ ശ്രദ്ധിക്കണം.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ചിങ്ങമാസം അത്ര ശുഭകരമല്ല. ധന, ധാന്യ, കളത്ര നാശമുണ്ടായേക്കാം. ഗ്രഹപ്രീതിക്കായി വഴിപാടുകൾ കഴിക്കുന്നത് നല്ലതാണ്. വ്യാഴം പന്ത്രണ്ടും ഒന്നും ഭാവങ്ങളിലും, ശനി ഒൻപതാം ഭാവത്തിലും, രാഹു എട്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ സാമൂഹ്യവിജയം, പ്രശസ്തി എന്നിവ അനായാസം ലഭിക്കും. ദൂരയാത്രയ്ക്കും വിദേശ യാത്രയ്ക്കും യോഗം. ഇഷ്ടജനങ്ങളുടെ വേർപാട് ഈ വർഷം ഉണ്ടായേക്കും. കന്നി മാസത്തിൽ ശത്രുനാശവും ദ്രവ്യലാഭവും ഉണ്ടാകും. ദുർജന സംസർഗം ഒഴിവാക്കുക. മിത്രഭാവത്തിൽ അരികിലെത്തുന്ന ശത്രുവിനെ തിരിച്ചറിയും. വലിയ അപകടങ്ങൾ ഒഴിവായിപ്പോകുന്ന പ്രതീതി അനുഭവപ്പെടും. മകരമാസത്തിൽ ദൂരയാത്ര പോകും. അധികാരികളുടെ അപ്രീതിക്ക് പാത്രീഭവിക്കാതെ ശ്രദ്ധിക്കുക. മേടമാസത്തിൽ ഒന്നിനുപിറകേ ഒന്നായി തിരിച്ചടികളുണ്ടാകും. പിന്നീടുള്ള കാലം ശുഭകരമാണ്. രഹസ്യ പ്രണയങ്ങൾ വിജയത്തിലെത്തും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം, ഒന്നാം പാദം)
ചിങ്ങമാസത്തിൽ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ക്രോധം നിയന്ത്രിക്കണം. ഭരണാധികാരികളുമായോ മേലധികാരികളുമായോ കലഹത്തിന് സാദ്ധ്യത. ധനസമ്പത്ത് വർദ്ധിക്കുന്നതിനാൽ കുടുംബത്തിൽ സമാധാനമുണ്ടാകും. വ്യാഴം പതിനൊന്നും പന്ത്രണ്ടും ഭാവങ്ങളിലും, ശനി എട്ടാം ഭാവത്തിലും, രാഹു ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ രാശിക്കാർക്ക് അവിചാരിതമായ നേട്ടങ്ങളുണ്ടാകും. തുലാം മാസത്തിൽ ആരോഗ്യപ്രശ്നങ്ങളെ കരുതിയിരിക്കണം. സ്വർണ നേട്ടത്തിനും ഗൃഹം മോടിപിടിപ്പിക്കാനും അവസരം. ശാരീരിക ആഘാതം മാനസിക പിരിമുറുക്കം എന്നിവ വരാതെ ശ്രദ്ധിക്കണം. സർപ്പദോഷം വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കർക്കടക മാസത്തിൽ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ ഗുണകരമാകും. തിരിച്ചടികളെ ഭയപ്പെടാതെ മുന്നോട്ടു പോകണം. ദാനധർമ്മങ്ങൾ ആയുസ് വർദ്ധിപ്പിക്കും. വർഷം പകുതിയോടെ ഭാര്യാഭർതൃ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കും. വിവാഹേതര ബന്ധങ്ങളിൽ ചെന്നുപെടാതെ സൂക്ഷിക്കുക. വർഷാവസനത്തോടെ മേലധികാരികളുടെ അപ്രീതിക്ക് പാത്രീഭവിക്കും. വിദ്യാർത്ഥികൾക്കും ജോലി അന്വേഷിക്കുന്നവർക്കും ശുഭകരമായ വർഷം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര, 1.2 പാദങ്ങൾ)
സാമ്പത്തികമായി വർഷം പകുതി വരെ ചെറിയ ക്ലേശങ്ങളുണ്ടാകും. ആരോഗ്യപരമായി പുരോഗതി. മിത്രങ്ങൾ ശത്രുക്കളായി മാറും. വിവാഹയോഗത്തിനും സാദ്ധ്യത. ഇഷ്ടഭക്ഷണം ധാരാളമായി ലഭിക്കും. വ്യാഴം പത്തും പതിനൊന്നും ഭാവങ്ങളിലും, ശനി ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ജീവിതത്തിൽ വിജയങ്ങളുണ്ടാകും. ചിങ്ങമാസത്തിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടും. മത്സരവും മാനനഷ്ടവും ഉണ്ടായേക്കാം. മീനമാസത്തിൽ ദൂരയാത്രയ്ക്ക് യോഗം. വലിയ തിരിച്ചടികൾ ഈ വർഷം പകുതിയോടെ നേരിടേണ്ടിവരുമെങ്കിലും ദൈവാനുഗ്രഹത്താൽ അതിജീവിക്കും. മിഥുനം, കർക്കടകം മാസങ്ങളിൽ രോഗശാന്തിയും ബന്ധുഗുണവും ലഭിക്കും. വർഷത്തിന്റെ അവസാന പാദം പൊതുവേ ശുഭകരമല്ല. വൻതോതിലുള്ള നിക്ഷേപങ്ങളിൽ നിന്നും ഊഹക്കച്ചവടങ്ങളിൽ നിന്നും ഈ വർഷം ഒഴിഞ്ഞു നിൽക്കേണ്ടതുണ്ട്. തിരിച്ചടികളിൽ ഭയപ്പെടാതെ ദൈവത്തിൽ വിശ്വസിക്കുക. കലഹം, ജലം, അല്പബുദ്ധികളായ മനുഷ്യർ എന്നിവരോട് അകലം പാലിക്കണം.
തുലാക്കൂറ്
(ചിത്തിര 3, 4 -ചോതി, വിശാഖം, 1,2, 3 പാദങ്ങൾ)
വരുമാനത്തിൽ വലിയ തോതിലുള്ള കുതിച്ചുചാട്ടമുണ്ടാകും. പാരിതോഷികങ്ങൾ ലഭിക്കും. വ്യാഴം ഒൻപതും പത്തും ഭാവങ്ങളിലും, ശനി ആറാം ഭാവത്തിലും, രാഹു അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ പൈതൃക സ്വത്ത് വന്നുചേരും. ധന, ധാന്യ വർദ്ധനവുകൾ യഥാകാലം ക്ലേശരഹിതമായി ലഭിക്കും. രാശി ഭാവങ്ങൾ അനുകൂലമാണെങ്കിലും കുടുംബത്തിനുള്ളിൽ നിന്ന് തിരിച്ചടികളുണ്ടാകാതെ സൂക്ഷിക്കണം. മിത്രങ്ങളെയും ശത്രുക്കളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടാകും. വർദ്ധിച്ച ചെലവ്, സമൂഹത്തിന്റെ അവമതിപ്പ് എന്നിവയ്ക്ക് സാദ്ധ്യത. തുലാമാസത്തിൽ പലവിധ കേസുകൾ വേട്ടയാടാനിടയുണ്ട്. സുഖകരമായ ജീവിതത്തിന് വലിത തോതിലുള്ള സ്വത്തുക്കൾ വിട്ടുകൊടുക്കേണ്ടി വന്നേക്കാം. ധനുമാസത്തിൽ നഷ്ടമായതൊക്കെ വീണ്ടെടുക്കാനുള്ള യോഗം. അധികാരികളുടെ അനിഷ്ടം, നേത്ര രോഗം എന്നിവയൊക്കെ ഉണ്ടാകാനും സാദ്ധ്യത. അപവാദ പ്രചാരണങ്ങളെ അതിജീവിക്കും. സമ്പത്തുകൊണ്ട് ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്യും. സൂര്യക്ഷേത്ര സന്ദർശനം നല്ലതാണ്.
വൃശ്ചികക്കൂറ്
( വിശാഖം 4 , അനിഴം , തൃക്കേട്ട)
പുതിയ നിയമനങ്ങൾ ലഭിക്കും. പേരും പ്രശസ്തിയും വർദ്ധിക്കും. വിവാഹയോഗം, പുതിയ അഡ്മിഷൻ എന്നിവ ലഭിക്കും. വ്യാഴം എട്ടും ഒൻപതും ഭാവങ്ങളിലും, ശനി അഞ്ചാം ഭാവത്തിലും, രാഹു നാലാം ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ കുടുംബാംഗങ്ങൾക്കിടയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. യാത്രാ ദുരിതങ്ങൾ, ബന്ധുക്കളുമായുള്ള അഭിപ്രായ വ്യത്യാസം എന്നിവ വർഷത്തിന്റെ ആദ്യ പാദത്തിലുണ്ടാകും. മൂന്നാം പാദം ദുരിതപർവങ്ങൾ സൃഷ്ടിക്കുമെങ്കിലും ഈശ്വര കടാക്ഷത്താൽ അവയെ അതിജീവിക്കും. കർക്കടക മാസത്തിൽ ചതിയിലൂടെയുള്ള അപകടങ്ങളും കാരാഗൃഹ വാസവും ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇക്കാലയളവിൽ ശക്തരായ ശത്രുക്കളുണ്ടാകും. ധനുമാസത്തിൽ ധനലാഭവും സർക്കാർ കാര്യങ്ങളിൽ വിജയം, പ്രമോഷൻ എന്നിവയും ലഭിക്കും. ഊഹക്കച്ചവടത്തിൽ വിജയം. ജീവിതപങ്കാളി വഴി ഉയർന്ന നേട്ടങ്ങൾ സ്വന്തമാക്കും. മിഥുന മാസത്തിൽ സാമ്പത്തിക സുസ്ഥിരത കൈവരിക്കും. വിശാല മനസ്കത, ഉത്തരവാദിത്വം, ഊർജ്ജസ്വലത എന്നിവ കാണിക്കും- ട്രസ്റ്റുകളുടെ ഭരണ ചുമതലയിൽ പങ്കാളിയാകാം. ദീർഘകാലമായി അകന്നു നിന്ന സുഹൃത്തോ ബന്ധുവോ തേടിയെത്തും.
ധനുക്കൂറ്
(മൂലം പൂരാടം, ഉത്രാടം 1)
സാമ്പത്തിക നേട്ടം, മികച്ച ആരോഗ്യം, സ്ത്രീജനങ്ങളിൽ നിന്ന് അപമാനം എന്നിവയുണ്ടാകാം. വ്യാഴം ഏഴും എട്ടും ഭാവങ്ങളിലും, ശനി നാലാം ഭാവത്തിലും, രാഹു മൂന്നാം ഭാവത്തിലും, സഞ്ചരിക്കുന്ന കാലമായതുകൊണ്ട് ഭാഗ്യവും ഐശ്വര്യവും വന്നുചേരും. എല്ലായിടത്തും വിജയവും കൈവരിക്കും. പ്രവൃത്തികൾ ഫലം കാണാതെ വരുന്ന ഒരു അവസ്ഥയുമുണ്ടാകും. മീനമാസത്തിൽ ജോലിയിൽ നല്ല പ്രകടനം. ബന്ധുക്കളിൽ നിന്ന് അസ്വാരസ്യവും ബുദ്ധിമുട്ടും ഉണ്ടാകും. ഇക്കാലയളവിൽ ധാരാളം യാത്രകൾ ചെയ്യേണ്ടിവരും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. വിദേശയാത്രയ്ക്ക് യോഗം. സ്വന്തം വിജയങ്ങൾ ജീവനക്കാരിൽ അസ്വസ്ഥതകളുണ്ടാക്കും. കഠിനാദ്ധ്വാനത്തിലൂടെ പലതും നേടിയെടുക്കും. ആഡംബര പ്രിയം ഒഴിവാക്കണം. അനാരോഗ്യത്തെ കരുതിയിരിക്കുക. സഹപ്രവർത്തകർ, പങ്കാളികൾ, ബന്ധുക്കൾ എന്നിവരിലൂടെ അനുകൂല സാഹചര്യം സിദ്ധിക്കും. വർഷത്തിന്റെ പകുതിയോടുകൂടി ധന, ധാന്യ സമ്പത്ത് വർദ്ധിക്കും. പ്രണയ കാര്യങ്ങളിൽ വിജയം.
മകരക്കൂറ്
(ഉത്രാടം, 2, 3, 4, തിരുവേണം അവിട്ടം 1, 2)
ദ്രവ്യ ലാഭം, സുഖശയനം, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉണ്ടാകും. വ്യാഴം ആറും ഏഴും ഭാവങ്ങളിലും, ശനി മൂന്നാം ഭാവത്തിലും, രാഹു രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ നാൽക്കാലികളിൽ നിന്നും പുത്രന്മാരിൽ നിന്നും നേട്ടം. ചിങ്ങമാസത്തിൽ താത്കാലികമായ തിരിച്ചടികളുണ്ടാകുമെങ്കിലും തിരികെയെത്തും. പുത്രസൗഖ്യം, വസ്ത്ര ലാഭം ധനപുഷ്ടി, സന്തോഷം എന്നിവ ഉണ്ടാക്കാം. ജോലിയിടങ്ങളിൽ മികച്ച നേട്ടത്തിന് സാദ്ധ്യത. ജലം,അഗ്നി എന്നിവയിൽ നിന്ന് അകലം പാലിക്കുക. ബന്ധുക്കളെപ്പറ്റിയുള്ള ദുഃഖം, ഭയം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. ഒരു സ്ത്രീ മൂലം മാനനഷ്ടമുണ്ടാകാൻ ഇടയുള്ളതിനാൽ കരുതിയിരിക്കുക. സ്ഥാനഭ്രംശം, ഉദരരോഗം, ഭയം എന്നിവ ഉണ്ടാകും. കോടതി വ്യവഹാരങ്ങൾ, തർക്കങ്ങൾ എന്നിവ പരിഹരിക്കപ്പെട്ടേക്കാം. വിദ്യാർത്ഥികൾക്ക് മികച്ച വർഷമാണ്. പരീക്ഷകളിൽ ഉന്നതവിജയം നേടും.
കുംഭക്കൂറ്
(അവിട്ടം മൂന്ന് നാല്, ചതയം, പൂരുരുട്ടാതി 1,2,3 പാദങ്ങൾ)
അപ്രതീക്ഷിതമായ നേട്ടങ്ങൾ വന്നുചേരും. വ്യാഴം അഞ്ചും ആറും ഭാവങ്ങളിലും, രാഹു ഒന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ രോഗശാന്തി, ധനനേട്ടം, സുസ്ഥിര വികസനം, ഗുണാനുഭവങ്ങൾ എന്നിവയുണ്ടാകും. വരുമാനത്തോടൊപ്പം ചെലവ് വർദ്ധിക്കുന്നതിനാൽ സാമ്പത്തികനേട്ടം കുറയും. മനക്ഷോഭം കൊണ്ട് ധാരാളം പ്രയാസങ്ങൾ വന്നുചേരാം. വർഷത്തിന്റെ ആദ്യപകുതിയിൽ നിയമ വ്യവഹാരത്തിനും വാഹനാപകടത്തിലും സാദ്ധ്യതയുണ്ട്. ഭരണചുമതലകൾ നിർവഹിക്കും. പൈതൃക സ്വത്ത് വഴിയോ ഇൻഷ്വറൻസ് മുഖേനയോ ആനുകൂല്യം ലഭിക്കും. മകരമാസത്തിൽ ബുദ്ധിമാന്മാരായ സഹപ്രവർത്തകർ കാരണം നേട്ടമുണ്ടാകും. ദാമ്പത്യ സുഖവും കായികരംഗത്ത് നേട്ടവും ലഭിക്കും. വർഷാവസാനത്തോടുകൂടി സഹോദരന്മാരിൽ നിന്നോ മറ്റു ബന്ധുക്കളിൽ നിന്നോ അനുകൂലമായ വാർത്ത കേൾക്കും. ഏറെക്കാലമായി പിരിഞ്ഞിരുന്ന സുഹൃത്തിനെ തിരികെ ലഭിക്കും. നാൽക്കാലികളിൽ നിന്ന് നേട്ടം. കർക്കടകത്തിൽ ശത്രുക്കൾ ശക്തിയാർജ്ജിക്കും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവു ക്കൊണ്ട് അനാരോഗ്യമുണ്ടാകാതെ ശ്രദ്ധിക്കുക. കലഹം നിറഞ്ഞ കുടുംബജീവിതമാണെങ്കിലും പുറമേയ്ക്ക് ശാന്തത ഉണ്ടായിരിക്കും.
മീനക്കൂറ്
( പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
വർഷത്തിന്റെ ആദ്യപാദം അനുകൂലമാണ്. രോഗനാശം, ശത്രുനാശം, ദുഃഖനിവാരണം എന്നീ ഗുണാനുഭവങ്ങളുണ്ടാകും. ഭാര്യാപുത്ര കലഹത്തിനും സാദ്ധ്യത. വ്യാഴം 4,5 ഭാവങ്ങളിലും, ശനി ഒന്നാം ഭാവത്തിലും, രാഹു പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്നതിനാൽ കച്ചവട വിജയം, സംരംഭങ്ങളിൽ സൗഭാഗ്യം എന്നിവ സംഭവിക്കും. കന്നി മാസത്തിൽ മാനനഷ്ടം, അസുഖങ്ങൾ, ധനനാശം, രക്തദോഷം, പൊതുജന വിരോധം എന്നിവയ്ക്ക് സാദ്ധ്യത. തുലാം മാസത്തിൽ സർക്കാരിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ. എങ്കിലും കാര്യവിജയം, മത്സരപരീക്ഷകളിൽ വിജയം, അപ്രതീക്ഷിത സിദ്ധി എന്നിവയോടുകൂടി മകര മാസത്തിൽ തിരിച്ചെത്താൻ സാധിക്കും. ഇഷ്ടഭക്ഷണം ധാരാളമായി ലഭിക്കും. അകാരണമായ ചിന്തകൾ കാരണം ബിസിനസിൽ നഷ്ടം വരാതെ ശ്രദ്ധിക്കുക. ഔദ്യോഗിക രംഗത്ത് അനുകൂല കാലഘട്ടമാണ്. ശത്രുക്കളുമായി വാക്കു തർക്കത്തിന് പോകാതിരിക്കുക. ഉയർന്ന ഉദ്യോഗസ്ഥരോടും സൗഹാർദ്ദമായി പെരുമാറേണ്ടതുണ്ട്. കർക്കടകത്തിൽ പുത്രന്മാരിൽ നിന്നോ ഭാര്യയിൽ നിന്നോ മറ്റ് ഉറ്റ ബന്ധുക്കളിൽ നിന്നോ തിരിച്ചടി നേരിടും. കോടതി വ്യവഹാരങ്ങളിൽ വിജയിക്കും. ഭരണപരമായ നേട്ടങ്ങൾ കൈവരിക്കും.