2025ൽ സ്ട്രോംഗ് വിമൺ ഓഫ് ഇന്ത്യ , അഞ്ചു വർഷം തുടർച്ചയായി കേരള യൂണിവേഴ്സിറ്റിയിൽ സ്ട്രോംഗ് വുമൺ, ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ, ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം, ജ്വാല ജോസിന് മുന്നിൽ ഇപ്പോഴുളളത് രണ്ട് ലക്ഷ്യങ്ങളാണ്, നവംബറിൽ റുമാനിയയിൽ നടക്കുന്ന ലോക പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച് മെഡൽ നേടണം. പിന്നെ ഒരു ജോലി.
തിരുവനന്തപുരം കരിക്കകം മാവർത്തല പവറിൽ ജോസിന്റെയും ലേഖയുടേയും മകളാണ് ജ്വാല. ജോസും ലേഖയും മുൻ പവർലിഫ്ടിംഗ് താരങ്ങളാണ്., ജോസ് ഇപ്പോൾ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ പരിശീലകനാണ്. ലേഖ ഇപ്പോഴും പവർ ലിഫ്റ്റിംഗിൽ സജീവമായി പ്രവർത്തിച്ച് വരികയാണ്. കൂടാതെ തിരുവനന്തപുരം ജില്ലാ ട്രഷററുമാണ്.
തുടക്കം 2018ൽ
2018ലായിരുന്നു ജ്വാല പവർലിഫ്ടിംഗ് രംഗത്തേക്ക് കടന്നുവന്നത്. അമ്മയും അച്ഛനും സ്റ്റേറ്റ് ലെവൽ റഫറിമാർ കൂടിയാണ്. ,അവർ ടൂർണമെന്റിനൊക്കെ പോകുമ്പോൾ എന്നെയും കൊണ്ടുപോകുമായിരുന്നു. ഒരിക്കൽ ഒരു ടൂർണമെന്റ് സമയത്ത് എന്നെക്കൂടി കൊണ്ടു പോകണമെങ്കിൽ മത്സരിക്കണമെന്ന് പറഞ്ഞു. അങ്ങനെ 2018ൽ സ്റ്റേറ്റ് സബ് ജൂനിയർ മത്സരത്തിൽ ഇറങ്ങി. ആദ്യമത്സരത്തിൽ തന്നെ രണ്ടാംസ്ഥാനം നേടി. . അന്ന് പ്ലസ് ടുവിൽ ആക്കുളം കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് ഈ മെഡൽ നേട്ടത്തിന് സുഹൃത്തുക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും അഭിനന്ദനം ലഭിച്ചു. ഇതോടെ പവർലിഫ്ടിംഗിനോട് താത്പര്യമായി.
നേട്ടങ്ങൾ
2018ൽ ആന്ധ്രപ്രദേശിൽ വച്ച് നടന്ന ദേശിയ പവ്വർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടി. തുടർന്ന് നിരവധി ടൂർണമെന്റുകൾ, അഞ്ചു വർഷം തുടർച്ചയായി കേരള യൂണിവേഴ്‌സിറ്റി മീറ്റിൽ സ്വർണ മെഡൽ നേടി. അഞ്ചു വർഷം സ്ട്രോംഗ് വുമൺ ടൈറ്റിലും ജ്വാലയുടെ പേരിലായിരുന്നു. .
ജൂനിയർ ലെവലിൽ തുടർച്ചയായി മൂന്നുവർഷം (2021,22, 23) ഒന്നാമതെത്തി. 2018ൽ മംഗോളിയയിൽ നടന്ന ഏഷ്യൻ അൺ എക്യുപൈഡ് സബ്‌ജൂനിയർ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം. ലക്‌നൗവിൽ നടന്ന അൺ എക്യുപൈഡ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
തുടർന്ന് സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും (എക്യുപൈഡ്) പങ്കെടുത്തു, അതിൽ അഞ്ചാംസ്ഥാനം. ടർക്കിയിൽ നടന്ന വേൾഡ് യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിലും അഞ്ചാം സ്ഥാനമായിരുന്നു. 2024ൽ ഹോങ്കോംഗിൽ നടന്ന ഏഷ്യൻ എക്യുപ്ഡ് ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം. കഴിഞ്ഞ മാസം 22 - മുതൽ 30 - വരെ കർണാടകയിലെ ദാവൻഗരയിൽ നടന്ന സീനിയർ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ നേരിയ വ്യത്യാസത്തിൽ ആയിരുന്നു ജ്വാലയ്ക്ക് സ്വർണനേട്ടം കൈവിട്ടത്. 502.5 കിലോ ആയിരുന്നു ജ്വാല ഉയർത്തിയത്.ഒന്നാം സ്ഥാനം നേടിയതാകട്ടെ 503 കിലോയും.. പക്ഷേ സ്ട്രോംഗ് വുമൺ പട്ടം ജ്വാലയ്ക്ക് തന്നെയായിരുന്നു,
പ്രതിസന്ധികൾ,, വെല്ലുവിളികൾ
പവർ ലിഫ്റ്റിംഗ് രണ്ട് ടൈപ്പുണ്ട്. അൺ എക്യുപ്ഡും എക്യുപ്ഡും.. എക്യുപൈഡ് മത്സരത്തിൽ മൂന്ന് തരം കോസ്റ്റ്യൂമും ബാൻഡേജും ഒക്കെ വേണം, അത് കുറച്ച് വില വരുന്നതാണ്.
അവ ഓരോന്നിലും 20.000 രൂപ വരെ ചിലവാകും. ഇന്റർനാഷണൽ മീറ്റിൽ അവരുടെ റൂൾ പ്രകാരംഉള്ള സ്യൂട്ടുകളാണ് ഉപയോഗിക്കേണ്ടത്.
ഡയറ്റ് നോക്കുന്നതും ചെലവേറിയതാണ്. സാധാരണ ഭക്ഷണം കഴിച്ച് ഇത്രയും വെയ്റ്റ് എടുക്കാൻ കഴിയില്ലല്ലോ. അതിന് പ്രോട്ടീൻ ഫുഡും വൈറ്റമിൻസും ഒക്കെ കഴിക്കണം, കുറച്ച് എക്പൻസീവാണ്.,
ലോകചാമ്പ്യൻഷിപ്പ്
നാല് മാസം കഴിഞ്ഞ് നവംബറിൽ റുമാനിയയിൽ ലോകചാമ്പ്യൻഷിപ്പുണ്ട്. അതിൽ പങ്കെടുക്കുന്നതിന് നല്ല ചെലവുണ്ട്. നേരത്തെ ടൂർണമെന്റിന് പോയിരുുന്നത് സ്വന്തം ചെലവിലാണ്. പക്ഷേ റുമാനിയയിൽ പോകുന്നതിന് രണ്ടു ലക്ഷം രൂപയോളം ഇന്ത്യൻ പവർ ലിഫ്റ്റിംഗ് അസോസിസിയേഷന് നൽകേണ്ടതുണ്ട്. സപോൺസറെ കിട്ടിയാലെ ഇത്തവണ പോകാനാകൂ.
സ്വപ്നവും ലക്ഷ്യവും
വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണം. ഇതോടോപ്പം ജോലിയെന്ന സ്വപ്നവുമുണ്ട്. ഇത്രയും അച്ചീവ്മെന്റുണ്ടായിട്ടും ജോലി ഇതുവരെ കിട്ടാത്തതിൽ നിരാശയുണ്ട്. അതിന് വേണ്ടിയുള്ള ശ്രമവും തുടരുകയാണ്. കേരളത്തിലെ സ്പോർട്‌സ് ക്വാട്ട നിയമനത്തിൽ എട്ട് മത്സര ഇനങ്ങൾക്ക് ഒരു വർഷം ഒരു വേക്കൻസിയാണ് നിലവിലുള്ളത്. അതിനാൽ കിട്ടുന്നതും പാടാണ്. റെയിൽവേയിൽ വെയ്റ്റ് കാറ്റഗറി അടിസ്ഥാനത്തിൽ വിളിച്ചാൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കു.
പിന്തുണ
ഏറ്റവും വലിയ പിന്തുണ അച്ഛനും അമ്മയും തന്നെയാണ്. അവർ തന്നെയാണ് പരിശീലകരും. നാഷണൽ തലത്തിൽ പോകുമ്പോൾ അമ്മയോ അച്ഛനോ കൂടെ വരും. ഇന്റർനാഷണൽ തലത്തിൽ ഇന്ത്യൻ ടീമിനൊപ്പമാണ് പോകാറുള്ളത്. കോളേജിലും സ്കൂളിലുമൊക്കെ നല്ല പിന്തുണയാണ്.
പ്ലസ് ടുവിന് ശേഷം ആൾ സെയിന്റ്സ് കോളേജിൽ ബിഎസ്‌സി ഫിസിക്സും .മാർ ഇവാനിയോസ് കോളേജിൽ ഫിസിക്സിൽ പി.ജിയും ചെയ്തു. ഇപ്പോൾ വിമെൻസ്കോളജിൽ എം.എ ഹിന്ദി ചെയ്യുന്നു. സുഹൃത്തുക്കളും നല്ല പിന്തുണ നൽകുന്നുണ്ട്. സ്പോർട്സ് കൗൺസിലിലെ ജിമ്മിലാണ് വർക്കൗട്ടും പരിശീലനവും,
പവർലിഫ്ടിംഗിൽ മത്സരാർത്ഥിയുടെ ശരീരഭാരത്തിന്റെ എത്ര ഇരട്ടിഭാരം ഉയർത്തുന്നതാരോ അവരാണ് വിജയികളാകുന്നത്. ഒട്ടേറെ വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും ഭാരം തന്റെ കരുത്തിനാൽ മറികടന്ന ചരിത്രമാണ് ജ്വാല ജോസിന്റേത്. തന്റെ വിജയവഴികളിൽ മുന്നോട്ട് തന്നെ പോകാനാണ് ജ്വാലയുടെ തീരുമാനം. അവൾ ആ സ്വപ്നം സാക്ഷാത്കരിക്കും എന്നുതന്നെയാണ് മാതാപിതാക്കളായ ജോസിന്റെയും ലേഖയുടെയും ഉത്തമ വിശ്വാസവും,