മോസ്‌കോ: പസഫിക് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പുകൾ നീക്കി. ഇതോടെ തീരദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ വീടുകളിലേക്ക് മടങ്ങി. ബുധനാഴ്ച റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ കാംചറ്റ്‌ക ഉപദ്വീപിന് സമീപം കടലിനടിയിൽ ഭൂകമ്പമുണ്ടായത് റഷ്യ, ജപ്പാൻ, യു.എസ് തീരങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിക്കാൻ ഇടയാക്കിയിരുന്നു.
ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇൻഡോനേഷ്യ, ചിലി, ഫിജി, സമോവ തുടങ്ങി നിരവധി തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് 20 ലക്ഷത്തിലേറെ പേരെയാണ് പസഫിക് തീരങ്ങളിൽ നിന്ന് ഒഴിപ്പിച്ചത്.
ജപ്പാനിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ മുന്നറിയിപ്പുകളും ഇന്നലെ ഉച്ചയോടെ നീക്കി. ഭൂകമ്പത്തിലോ സുനാമിയിലോ എവിടെയും ആളപായം സംഭവിച്ചിട്ടില്ല. അതേ സമയം, ജപ്പാനിൽ ആളുകളെ ഒഴുപ്പിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് ഒരു സ്ത്രീ മരിച്ചു.