കാഠ്മണ്ഡു: വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് നേപ്പാളിൽ എല്ലാ പിന്തുണയും നൽകും എന്ന് നേപ്പാളിലെ വാണിജ്യ- വ്യവസായ മന്ത്രി ദാമോദർ ഭണ്ടാരി പറഞ്ഞു. മലയാളികൾ തുടങ്ങുന്ന സംരംഭങ്ങൾക്കും പ്രോത്സാഹനം നൽകുമെന്നും അറിയിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ പുതിയ സെക്രട്ടറി ജനറൽ ഷാജി മാത്യു മുളമൂട്ടിൽ, വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് എന്നിവർ ഉൾപ്പെട്ട പ്രതിനിധി സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ പ്രൊവിൻസ് രൂപീകരിക്കാൻ നേതൃത്വം നൽകുന്ന ഫാ. റോബിയും സംഘത്തിൽ ഉണ്ടായിരുന്നു. ബാങ്കോക്കിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിനു ശേഷം നേതാക്കൾ നേരെ പ്രൊവിൻസ് രൂപീകരണ ചർച്ചക്കായി നേപ്പാൾ സന്ദർശിക്കുകയായിരുന്നു.
മലയാളി സമൂഹ പ്രതിനിധികൾ, ഇന്ത്യൻ എംബസിയിലെ മലയാളി ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് നേപ്പാളിൽ പുതിയ പ്രൊവിൻസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചർച്ചയ്ക്ക് നേതാക്കൾ മന്ത്രിയെ സന്ദർശിച്ചത്. നേരത്തെ പ്രധാനമന്ത്രിയെ കാണാനും അനുമതി ലഭിച്ചിരിക്കുന്നു.