leopard

തൃശൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറയിൽ ആദിവാസി ഉന്നതിയിലെ കുടിലിൽ കയറിയാണ് പുലി കുട്ടിയെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കുടുംബം ബഹളം വച്ചപ്പോൾ പുലി ഓടിപ്പോയി. നാലുവയസുകാരനായ രാഹുൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.


മലപ്പുറത്ത് വീണ്ടും പുലി

മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യം. നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പാണ് പ്രദേശത്ത് ആദ്യം പുലിയെ കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും കാട്ടുപൂച്ചയായിരിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്.

തുടർന്ന് നാട്ടുകാർ സിസിടിവി സ്ഥാപിക്കുകയായിരുന്നു. അഞ്ചാം തവണയാണ് സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിയുന്നത്. ഓരോ തവണയും വനംവകുപ്പിനെ വിവരമറിയിച്ചു. അപ്പോഴൊക്കെ കൂട് സ്ഥാപിച്ചെങ്കിലും പുലി അതിൽ കുടുങ്ങിയിരുന്നില്ല.