uae

അബുദാബി: ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്ന ചെറുകിട വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഉൽപ്പന്നങ്ങളിൽ പതിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ തുക ഇടാക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സാമ്പത്തിക വികസന വകുപ്പിന്റെ മുന്നറിയിപ്പ്. റാസ് അൽ ഖൈമയിലാണ് ഇത്തരത്തിൽ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നത്.

ഉദാഹരണത്തിന് പത്ത് ദിർഹത്തിന്റെ ഉൽപ്പന്നത്തിന് 11.50 ദിർഹമാണ് ചില കടകളിൽ ഈട‌ാക്കുന്നത്. ഇനി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നേരിട്ട് കടകളിലെത്തി ഉടമകൾക്ക് പിഴ ചുമത്തുമെന്ന് കൊമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ നസ്ര മുഹമ്മദ് അൽമെറി പറഞ്ഞു.

ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ മനസിലാക്കിക്കൊടുക്കാൻ നടത്തിയ ബോധവൽക്കരണ ക്യാമ്പയ്‌നിലാണ് പലരും ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. ബില്ലുകളും വാറന്റിയുള്ള വസ്‌തുക്കളാണെങ്കിൽ അവയുടെ കാർഡും സൂക്ഷിച്ചുവയ്‌ക്കണമെന്നും വാങ്ങുന്ന വസ്‌തുക്കളുടെ കാലഹരണ തീയതി കൃത്യമായി പരിശോധിക്കണമെന്നും അൽമെറി ജനങ്ങളോട് നിർദേശിച്ചു.

രണ്ടാഴ്ചയിലധികം നീണ്ടുനിന്ന ഈ ക്യാമ്പയിനിൽ റാസ് അൽ ഖൈമ യൂത്ത് സെന്റർ, റാസ അൽ ഖൈമ കൾച്ചറൽ സെന്റർ എന്നിവയിലെ അംഗങ്ങളും നിരവധി വിദ്യാർത്ഥികളും പങ്കെടുത്തു. ദുബായിലെ കരാമ മാർക്കറ്റ്, റാസ് അൽ ഖൈമയിലെ അൽ ഖലീജ് മാർക്കറ്റ് എന്നീ രണ്ട് സ്ഥലങ്ങളിലാണ് ക്യാമ്പയിൻ നടന്നത്.

യുഎഇയിലുടനീളം ചെറുകിട വ്യാപാരം നടത്തുന്ന നിരവധി മലയാളികളും ഉണ്ട്. അതിനാൽ, ഈ നിർദേശം പ്രവാസികൾക്കും ബാധകമാണ്. മാത്രമല്ല, നിങ്ങൾ മറ്റ് കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും ഇക്കാര്യം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അധികൃതരെ അറിയിക്കാവുന്നതാണ്.