truck

ചരക്കുഗതാഗത മേഖലയിൽ ഇന്ത്യയിലെ അനിഷേധ്യ സാന്നിദ്ധ്യമാണ് ടാറ്റയുടെ ട്രക്കുകൾ. ടാറ്റ അൾട്രാ ടി.6 മുതൽ 55000 കിലോ ടണേജുള്ള സിഗ്ന 5530.എസ് വരെ ഭാരം താങ്ങാൻ കഴിവുള്ള മികച്ച ട്രക്കുകൾ ഇന്ന് വിപണിയിലുണ്ട്. എസ്ഇ 1613 പോലെയുള്ള മൂക്കൻ വണ്ടികൾ പതിറ്റാണ്ടുകളോളം നമ്മുടെ റോഡുകളെ ഭരിച്ച് ഇപ്പോൾ അരങ്ങൊഴിയുകയും ചെയ്‌തു. ട്രക്ക് ലോകത്ത് തങ്ങളുടെ വ്യക്തിമുദ്ര ആഗോളതലത്തിൽ വികസിപ്പിക്കാൻ ഇപ്പോൾ ടാറ്റ ഒരുങ്ങുകയാണ്. ഇറ്റാലിയൻ ട്രക്ക് നിർമ്മാതാക്കളായ ഐവെകോയെ ഏറ്റെടുത്താകും അത്.

17 വർഷങ്ങൾക്ക് മുൻപ് 2008ൽ ജാഗ്വാർ ലാൻഡ്‌ റോവറിന് വേണ്ടി ടാറ്റ നടത്തിയത് 2.4 ബില്യൺ ഡോളറിന്റെ ഇടപാടാണ്. ഇതിനുശേഷം ഇപ്പോഴിതാ വാഹനരംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലിനാണ് ടാറ്റ മുതിരുന്നത്. 3.8 ബില്യൺ യൂറോയ്‌ക്ക് ആണ് കൈമാറ്റം നടക്കുക. 4.3 ബില്യൺ ഡോളറിന്റെ ഇടപാടാണ് ഇത്. ഐവെകോയുടെ ഓഹരിയുടമകളായ ആഗ്നെല്ലി കുടുംബവുമായാണ് ഇടപാട്. ടാറ്റ മോട്ടോഴ്‌സിന് ഉടമസ്ഥാവകാശമുള്ള ഡച്ച് കമ്പനി ടിഎംഎൽ സിവി ഹോൾഡിംഹ്സ് പിടിഇ ലിമിറ്റഡിന്റെ വോളണ്ടറി ടെൻഡറിലൂടെയാകും കമ്പനിയെ ഏറ്റെടുക്കുന്നത്.


എന്നാൽ ഐവെകോയുടെ പ്രതിരോധ വാഹനനിർമ്മാണ വിഭാഗം ഈ കരാറിൽ നിന്ന് പുറത്താണ്. കമ്പനിയുടെ പ്രതിരോധ വിഭാഗം പിരിഞ്ഞ ശേഷം സാധാരണ ഓഹരികൾ സ്വന്തമാക്കാനാണ് ഓഫറിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. അഞ്ച് ഭൂഖണ്ഡങ്ങളിൽ വിപുലമായ പ്രവർത്തനമുള്ള ഡച്ച് കമ്പനിയായി രജിസ്‌ട്രർ ചെയ്‌ത ഇറ്റലിയിൽ ടൂറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് ഐവെകോ. യൂറോപ്പിലെ വികസിത രാജ്യങ്ങൾ മുതൽ ആഫ്രിക്കയിലെ വികസ്വര രാജ്യങ്ങൾ വരെ പെടുമിത്. ഈ കമ്പനിയെ സ്വന്തമാക്കുന്നതിലൂടെ ആഗോള തലത്തിൽ കരുത്തേറിയ കമ്പനിയായി ടാറ്റ മാറും.