tr

90 രാജ്യങ്ങളിലെ ഉത്പന്നങ്ങളുടെ തീരുവ ഉയർത്തി

ഇന്ത്യയുടെ തീരുവ 25 ശതമാനം

പാകിസ്ഥാന്റെ തീരുവ പത്ത് ശതമാനം കുറച്ച് 19 ശതമാനമാക്കി

കൊച്ചി: അമേരിക്കയിലെത്തുന്ന 90 രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. കാനഡയുടെ പകരച്ചുങ്കം 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായാണ് ഉയർത്തിയത്. സിറിയക്ക് 41 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയത്. അതേസമയം ഇന്ത്യൻ ഉത്പന്നങ്ങളുടെ പകരച്ചുങ്കം നേരത്തെ പ്രഖ്യാപിച്ച 25 ശതമാനമായി നിലനിറുത്തി. പാകിസ്ഥാന്റെ തീരുവ 29 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചു. പാകിസ്ഥാനുമായി എണ്ണ പര്യവേഷണത്തിന് അമേരിക്ക കരാർ ഒപ്പുവച്ചതിനാലാണ് തീരുവ കുറച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

ഓട്ടോമോട്ടീവ്, ലോഹ ഇതര ഉത്പന്നങ്ങളുടെ തീരുവയിൽ മെക്സികോയ്ക്ക് ഇളവ് നൽകാനും തീരുമാനമായി. ബ്രസീലിൽ നിന്ന് ഇറക്കുമതി നടത്തുന്ന ഉത്പന്നങ്ങൾക്ക് 50 ശതമാനമാണ് തീരുവ നിശ്ചയിച്ചത്. ചൈനയുമായുള്ള വ്യാപാര കരാറിന് ആഗസ്‌റ്റ് 12 വരെ സാവകാശം നൽകുമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയ്ക്ക് അടി, പാകിസ്ഥാന് കാരറ്റ്

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തി പ്രഹരം നൽകിയ ഡൊണാൾഡ് ട്രംപ് പാകിസ്ഥാനോട് മമത കാട്ടി. പാകിസ്ഥാന്റെ പകരച്ചുങ്കം നേരത്തെ പ്രഖ്യാപിച്ച 29 ശതമാനത്തിൽ നിന്നും 19 ശതമാനമായി കുറച്ചു. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന തീരുവ നേരിടുന്നതും ഇന്ത്യയാണ്.

രാജ്യം തീരുവ

യൂറോപ്യൻ യൂണിയൻ 15 ശതമാനം

കാനഡ 35 ശതമാനം

ജപ്പാൻ 15 ശതമാനം

ദക്ഷിണ കൊറിയ 15 ശതമാനം

തയ്‌വാൻ 20 ശതമാനം

വിയറ്റ്‌നാം 20 ശതമാനം

ഇന്ത്യ 25 ശതമാനം

വിപണി വികസിപ്പിക്കാൻ ഇന്ത്യ

അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ നേരിടുന്ന തിരിച്ചടി മറികടക്കാൻ വിവിധ സാമ്പത്തിക മേഖലകളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പുവയ്ക്കാൻ ഇന്ത്യ നീക്കം ശക്തമാക്കി. യൂറോപ്യൻ യൂണിയൻ, പെറു, ചിലി എന്നിവരുമായി വ്യാപാര ചർച്ചകൾ വേഗത്തിലാക്കും. തുണിത്തരങ്ങൾ, തുകൽ തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ പത്ത് ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയരുന്നതോടെ ഇന്ത്യൻ കയറ്റുമതിക്കാർ കനത്ത തിരിച്ചടി നേരിടും. ഇതിനാലാണ് പുതിയ വിപണികൾ കണ്ടെത്താൻ ശ്രമം.

ആഗോള വിപണികളിൽ തകർച്ച

വിവിധ രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി നടപ്പായതോടെ ആഗോള തലത്തിൽ ഓഹരി വിപണികൾ കനത്ത തകർച്ച നേരിട്ടു. ഏഷ്യയിലെയും യൂറോപ്പിലെയും യു.എസിലെയും ഓഹരികൾ ഇന്നലെ വിൽപ്പന സമ്മർദ്ദത്തിലായി. സെൻസെക്‌സ് 585.67 പോയിന്റ് നഷ്‌ടവുമായി 80,599.91ൽ അവസാനിച്ചു. നിഫ്‌റ്റി 203 പോയിന്റ് ഇടിഞ്ഞ് 24,565.35ൽ എത്തി.