വാഷിംഗ്ടൺ: രാജ്യത്ത് നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കുള്ള തീരുവ 35 ശതമാനമാക്കി ഉയർത്തിയ നടപടി നിരാശാജനകമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കനേഡിയൻ ഉത്പന്നങ്ങൾക്കുണ്ടായിരുന്ന തീരുവ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തിയുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്നലെയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടത്. ഫെന്റാനിൽ ലഹരി മരുന്നിന്റെ ഒഴുക്ക് തടയുന്നില്ലെന്ന് കാട്ടിയാണ് ട്രംപിന്റെ നടപടി. കാനഡയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കാർണി പറഞ്ഞു.
അതേസമയം, ട്രംപിന്റെ തീരുവ അനീതിയാണെന്നും അതിനെതിരെ പോരാടുമെന്നും ബ്രസീൽ പ്രതികരിച്ചു. ബ്രസീലിന് ആകെ 50 ശതമാനം ഇറക്കുമതി തീരുവയാണ് ട്രംപ് ചുമത്തിയത്. ഇതിൽ 40 ശതമാനം ട്രംപിന്റെ അനുകൂലിയായ മുൻ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയെ രാഷ്ട്രീയമായി വേട്ടയാടുന്നെന്ന് കാട്ടിയാണ്. ബൊൽസൊനാരോയ്ക്കെതിരെയുള്ള വിചാരണ അവസാനിപ്പിക്കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബ്രസീലിൽ നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാപ്പി, ഇറച്ചി തുടങ്ങിയ ഉത്പന്നങ്ങൾക്ക് തീരുവ തിരിച്ചടിയാകും.
വ്യാപാര കരാർ ചർച്ചയ്ക്കുള്ള സമയപരിധി അവസാനിച്ചതോടെ, ഇന്ത്യയടക്കം 90 രാജ്യങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയുള്ള ഉത്തരവിൽ ട്രംപ് ഇന്നലെ ഒപ്പിട്ടെങ്കിലും ആഗസ്റ്റ് 7 മുതലാണ് ചുമത്തി തുടങ്ങുന്നത്. കാനഡയ്ക്ക് ഏർപ്പെടുത്തിയ തീരുവ ഇന്നലെ തന്നെ നിലവിൽ വന്നു. അതേ സമയം, ഉയർന്ന തീരുവ ചുമത്തുന്നതിൽ നിന്ന് മെക്സിക്കോയ്ക്ക് 90 കൂടി ട്രംപ് സാവകാശം നൽകിയിട്ടുണ്ട്.