ഓവൽ: നിർണായകമായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓവലിൽ ബൗളർമാരുടെ വിളയാട്ടം. ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 224 റൺസിന് ഓൾ ഔട്ടാക്കി ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് 247 റൺസിന് ഓൾ ഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ 18 ഓവറിൽ 75/2 എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് 52 റൺസിന്റെ ലീഡായി. ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിയിൽ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടിയ യശ്വസി ജയ്സ്വാളും (49 പന്തിൽ 51*), നൈറ്റ് വാച്ച്മാൻ ആകശ് ദീപുമാണ് (2 പന്തിൽ 4*) ക്രീസിൽ. കെ.എൽ രാഹുൽ (7), സായി സുദർശൻ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്നലത്തെ മത്സരം അവസാനിക്കാൻ 2 പന്ത് മാത്രം ബാക്കിയുള്ളപ്പോഴാണ് സായിയെ അറ്റ്കിൻസൺ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. രാഹുലിനെ ടംഗ് പുറത്താക്കി.
ഇന്നലെ വീണ 15 വിക്കറ്റുകളും നേടിയത് പേസർമാരാണ്. ചായ സമയത്ത് ആന്തരിച്ച ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പിനെ അനുസ്്മരിച്ചു. ഇംഗ്ലണ്ട് താരങ്ങൾ തോർപ്പിന്റെ ഓർമ്മയ്ക്കായി പ്രത്യേക ഹെഡ്ബാൻഡ് അണിഞ്ഞു.
ഫൈവ്സ്റ്റാർ
അറ്റ്കിൻസൺ
204/6 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയുടെ ചെറുത്ത് നിൽപ്പ് വെറും 34 ബോളിൽ അവസാനിച്ചു. 5 വിക്കറ്റ് നേടിയ ഗസ് അറ്റ്കിൻസണാണ് ഇന്ത്യയുടെ തകർച്ച വേഗത്തലാക്കിയത്.കരുൺ നായരും (57) , വാഷിംഗ്ടൺ സുന്ദറും (26) പിടിച്ചു നിൽക്കുമെന്നുള്ള പ്രതീക്ഷകൾ അസ്ഥാനിക്കി ജോഷ് ടംഗാണ് ഇന്നലെ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ടീം സ്കോർ 218ൽ വച്ച് കരുണിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ടംഗ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നാലെ സുന്ദറിനേയും , സിറാജിനേയും (0), പ്രസിദ്ധ് കൃഷ്ണയേയും (0) മടക്കി അറ്റ്കിൻസൺ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന് തിരശീല
യിട്ടു.
പതറാതെ
പേസാക്രമണം
ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിനായി സാക് ക്രോളിയും (64), ബെൻ ഡെക്കറ്റും (43) വീണ്ടും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ ലഞ്ചിന് ശേഷം ഇന്ത്യൻ പേസർമാർ തകർപ്പൻ ബൗളിംഗിലൂടെ കളി തങ്ങളടെ വരുതിയിലാക്കി. സിറാജും പ്രസിദ്ധ് കൃഷ്ണയും നാലും ആകശ് ദീപ് ഒരു വിക്കറ്റും നേടി. ക്രോളിയും ഡെക്കറ്റും വെടിക്കെട്ട് തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 78 പന്തിൽ 92 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഡെക്കെറ്റിനെ വിക്കറ്റ് കീപ്പർ ജൂറലിന്റെ കൈയിൽ എത്തിച്ച് ആകശ് ദീപാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. വിക്കറ്റ് നേട്ടത്തിന് ശേഷം ആകശ് ദീപ് ഡെക്കറ്റിന്റെ തോളത്ത് കൈയിട്ട് എന്തോ സംസാരിച്ചു. വഴക്കൊന്നും ഉണ്ടായില്ലെങ്കിലും ആകശ് ദീപിന്റെ പ്രവർത്തിക്കെതിരെ വിമർശനമുയർന്നു. ക്രോളിയെ ടീം സ്കോർ 129ൽ വച്ച് പ്രസിദ്ധ് ജഡേജയുടെ കൈയിൽ എത്തിച്ചു. തുടർന്ന് ഇന്ത്യൻ ബൗളർമാരുടെ ആധിപത്യമായിരുന്നു. ക്യാപ്ടൻ പോപ്പ് (22), ജോ റൂട്ട് (29), ജേക്കബ് ബെഥേൽ(6), ജാമി സ്മിത്ത്(8), ഓവർട്ടൺ (0), അറ്റ്കിൻസൺ (11), ഹാരി ബ്രൂക്ക് (53) എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് നഷ്ടപ്പെട്ടത്. ഇതിനിടെ റൂട്ടും പ്രസിദ്ധും തമ്മിൽ ഉടക്കിയതും വിവാദമായി. ആദ്യ ദിനം ഫീൽഡിംഗിനിടെ പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിംഗിനെത്തിയില്ല. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിനിടെ മഴമൂലം മത്സരം കുറച്ച് നേരം തടസപ്പെട്ടിരുന്നു.
ബുംറയെ റിലീസ് ചെയ്തു
അഞ്ചാം ടെസ്റ്റ് അവസാനിക്കും മുന്നേ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ടീമിൽ നിന്ന് ബി.സി.സി.ഐ റിലീസ് ചെയ്തു. ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളും ജോലിഭാരവും കണക്കിലെടുത്ത് പരമ്പരയിലെ 3 മത്സരങ്ങളിലേ ബുംറ കളിച്ചുള്ളൂ.
ഹോം ടെസ്റ്റുകളി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി ജോറൂട്ട് (7224 റൺസ്), റിക്കി പോണ്ടിംഗാണ് (7578 റൺസ് ) ഒന്നാമത്.
8- സാക് ക്രോളി ബെൻ ഡക്കറ്റ് ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യയ്ക്കെതിരെ ഇന്നലെ നേടിയത് ടെസ്റ്റിലെ തങ്ങളുടെ 8-ാം ഫിഫ്റ്രി കൂട്ടുകെട്ടാണ്.