pic

ഡബ്ലിൻ: അയർലൻഡിലെ പൗരന്മാർക്ക് സുരക്ഷാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ വംശജർ ആക്രമിക്കപ്പെട്ടതായുള്ള നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. വിഷയത്തിൽ അയർലൻഡിലെ അധികാരികളുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ട്. വിജനമായ പ്രദേശങ്ങൾ, പ്രത്യേകിച്ച് അസമയങ്ങളിൽ, ഒഴിവാക്കുന്നത് അടക്കം വ്യക്തിഗത സുരക്ഷയ്ക്കുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എംബസി നിർദ്ദേശത്തിൽ പറയുന്നു.

ജൂലായ് 19ന് ഡബ്ലിനിലെ താലയിൽ ഇന്ത്യൻ വംശജനായ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അർദ്ധനഗ്നനാക്കി ക്രൂരമായി മർദ്ദിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യക്കാർക്ക് നേരെ വിദ്വേഷ ആക്രമണങ്ങൾ ഉയരുന്നെന്ന റിപ്പോർട്ട് പുറത്തുവന്നത്. പല സംഭവങ്ങളും വാർത്തയാകുന്നില്ലെന്നും പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഡബ്ലിനിൽ മറ്റൊരു ഇന്ത്യൻ യുവാവിനെയും സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ചിരുന്നു.