ആരാധകരെയും സഹപ്രവർത്തകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചാണ് കലാഭവൻ നവാസിന്റെ മരണ വാർത്ത എത്തിയത്. പുതിയ സിനിമയുടെ അവസാന ഷെഡ്യൂളും പൂർത്തിയാക്കി ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മടങ്ങിയെത്തിയ നവാസിനെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. 51ാം വയസിലാണ് നവാസിന്റെ മടക്കം.
ഒരിക്കൽ മരണമുഖത്ത് നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ച് നവാസ് പറഞ്ഞിട്ടുണ്ട്. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് പരിപാടിയിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. അന്ന് ഒരു പരിപാടി കഴിഞ്ഞ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു നവാസ്.. സാധാരണ ഇങ്ങനെ വന്നാൽ എറണാകുളത്തെ ഉമ്മയുടെ വീട്ടിൽ തങ്ങാറാണ് പതിവെന്നും താരം പറഞ്ഞു. എന്നാൽ പിറ്റേന്ന് പെരുന്നാൾ ആയതിനാൽ ഒരൽപ്പം വൈകിയാലും വീട്ടിലേക്ക് പോകാമെന്ന ധാരണയിൽ മാരുതി 800 വാഹനം ഓടിച്ചുപോയിയെന്ന് നവാസ് പറയുന്നു.
താരത്തിന്റെ വാക്കുകൾ
തൃശൂർ എത്തിയപ്പോഴേക്കും ഞാൻ അമിതമായി ക്ഷീണിച്ചിരുന്നു. ഒന്ന് രണ്ട് തവണ എന്റെ കണ്ണുകൾ അടഞ്ഞുപോയി. രാത്രി പത്ത് മണി കഴിഞ്ഞപ്പോൾ തൃശൂർ നഗരം പിന്നിട്ടു. മുളങ്കുന്നത്തുകാവ് എന്ന സ്ഥലമെത്തിയപ്പോൾ പിന്നെ എനിക്കൊന്നും ഓർമയില്ല. കണ്ണ് തുറക്കുമ്പോൾ എന്റെ കാർ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറി നിൽക്കുകയാണ്. വീട്ടുകാരെല്ലാം കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടുന്നു. ആദ്യമൊന്നും എനിക്ക് ഒന്നും മനസിലായില്ല. എന്റെ ശരീരത്തിൽ ആകെ മരവിപ്പായിരുന്നു. പിന്നീട് പതുക്കെ ഞാൻ കാറിന് പുറത്തേക്കിറങ്ങി. ഭാഗ്യത്തിന് ശരീരത്തിൽ ഒരുപോറൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ എന്റെ വണ്ടി കണ്ടപ്പോൾ ഞാനാകെ തകർന്ന് പോയി. അതിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നേ പറയൂ. അത്രയ്‌ക്ക് തകർന്ന് പോയി. പിന്നീട് രാത്രിയിൽ ഡ്രൈവ് ചെയ്യുമ്പോൾ ക്ഷീണം തോന്നിയാൽ അപ്പോൾ തന്നെ വാഹനം നിറുത്തി ഉറങ്ങുന്നത് ഞാൻ പതിവാക്കിയെന്നും താരം വ്യക്തമാക്കി.