pic

സാൻ സാൽവഡോർ: മദ്ധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ പ്രസിഡന്റ് നയീബ് ബുക്കേലെയെ കാലാവധി കഴിഞ്ഞും അധികാരത്തിൽ നിലനിറുത്താനുള്ള നിർണായക നീക്കങ്ങൾക്ക് അംഗീകാരം. പ്രസിഡൻഷ്യൽ ടേമുകളുടെ എണ്ണത്തിന് നിശ്ചയിച്ചിരുന്ന പരിധി ഇല്ലാക്കാനുള്ള ബിൽ,​ ബുക്കേലെയുടെ ന്യൂ ഐഡിയാസ് പാർട്ടി പാർലമെന്റിൽ പാസാക്കി. ഇതോടെ ബുക്കേലെയ്ക്ക് പരിധികളില്ലാതെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാം.

പ്രസിഡൻഷ്യൽ ടേമിന്റെ കാലാവധി അഞ്ചിൽ നിന്ന് ആറ് വർഷം ആക്കാനും പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഇനി രണ്ടാം റൗണ്ടുകൾ ( സ്ഥാനാർത്ഥികളിൽ ആരും 50 ശതമാനം വോട്ട് നേടിയില്ലെങ്കിൽ ആദ്യമെത്തുന്ന രണ്ട് പേർ തമ്മിൽ വീണ്ടും മത്സരം നടത്തുന്ന രീതി) പാടില്ലെന്നും ബില്ലിൽ പറയുന്നു. അതേ സമയം, ഭരണപക്ഷത്തിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ഭരണഘടനാ പരിഷ്കാരങ്ങൾ രാജ്യത്ത് ഒറ്റ പാർട്ടിയുടെ ഭരണത്തിനും ഏകാധിപത്യത്തിനും വഴിയൊരുക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. പരിഷ്കാരങ്ങളെ അവകാശ സംഘടനകളും വിമർശിച്ചു.

2019 ജൂൺ ഒന്നിനാണ് ബുക്കേലെ അധികാരത്തിലെത്തിയത്. 2024ൽ നടന്ന തിരഞ്ഞെടുപ്പിൽ 44 കാരനായ ബുക്കേലെയ്ക്ക് ഭരണത്തുടർച്ച ലഭിച്ചിരുന്നു. മത്സരിക്കാൻ ഭരണഘടനാപരമായ വിലക്കുണ്ടായിട്ടും സുപ്രീംകോടതിയുടെ ഉത്തരവിന്റെ പിന്തുണയോടെ ബുക്കേലെ അത് മറികടക്കുകയായിരുന്നു.

മയക്കുമരുന്ന് മാഫിയകൾക്കും കൊലകൾക്കും കുപ്രസിദ്ധിയാർജ്ജിച്ച രാജ്യമാണ് എൽ സാൽവഡോർ. ക്രിമിനലുകളെ അടിച്ചമർത്തുക എന്നതാണ് ബുക്കേലെയുടെ നയം. ഇതിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേരെ കുറ്റംചുമത്താതെ അറസ്റ്റ് ചെയ്തിരുന്നു.

മാഫിയ സംഘങ്ങളെ ഇല്ലാതാക്കാൻ പൊലീസിനും സൈന്യത്തിനും പ്രത്യേക അധികാരം നൽകിയതോടെ രാജ്യത്തെ കൊലപാതക നിരക്ക് കുറഞ്ഞു. ഇതിനിടെ, പൗരാവകാശങ്ങൾ ലംഘിച്ച് ആളുകളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നെന്ന വിമർശനങ്ങളും ബുക്കേലെയ്ക്കെതിരെ ഉയർന്നു.