commodore-varghese-mathew

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ നേവൽ ഓഫീസർ ഇൻ ചാർജായി കൊമോഡോർ വർഗീസ് മാത്യു ചുമതലയേറ്റു. ജൂലായ് മുപ്പതിന് നടന്ന ചടങ്ങിൽ കൊമോഡോർ ജോസ് വികാസിൽ നിന്ന് പദവിയേറ്റെടുത്തു. 1996 ജൂലായ് ഒന്നിന് അദ്ദേഹം ഇന്ത്യൻ നാവിക സേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു. കേരള തീരത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് നേവൽ ഓഫീസർ ഇൻ ചാർജ്.

ഗണ്ണറി, മിസൈൽ യുദ്ധ വിദഗ്ദ്ധനായ അദ്ദേഹം വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും ഗോവയിലെ നേവൽ വാർ കോളേജിലും ഉന്നത സൈനിക വിദ്യാഭ്യാസം നേടി. 30 വർഷത്തെ സേവനത്തിനിടയിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.

2015 മുതൽ 2017 വരെ അദ്ദേഹം കേരളത്തിൽ നേവൽ ഓഫീസർ ഇൻ ചാർജായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്ത് സംസ്ഥാനത്തിന്റെ തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.

അദ്ദേഹം നല്ലൊരു എഴുത്തുകാരൻ കൂടിയാണ്. നാവികസേനാപരമായ കാര്യങ്ങളെക്കുറിച്ച് നിരവധി ശ്രദ്ധേയമായ ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. യുഎസ് നേവൽ പ്രൊസീഡിംഗ്സ്, ഇന്ത്യൻ നേവൽ ഡിസ്പാച്ച്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് തുടങ്ങിയ പ്രശസ്ത പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ് വർഗീസ് മാത്യു.