തിരുവനന്തപുരം : വനിതാ കായികതാരങ്ങളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ താത്കാലിക കായിക പരിശീലകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് സംസ്ഥാന സ്പോർട്സ് കൗൺസിൽ. പെൺകുട്ടികളുടെ പരാതിയിൽ കഴിഞ്ഞദിവസമാണ് തേഞ്ഞിപ്പലം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

പരിശീലകൻ ശാരീരികമായി ഉപദ്രവിക്കുകയും അർദ്ധരാത്രി വീഡിയോകാൾ ചെയ്ത് മോശമായി സംസാരിക്കുകയും ചെയ്തെന്ന് ഒന്നരമാസം മുമ്പാണ് വിദ്യാർത്ഥികൾ ചൈൽഡ് വെൽഫെയർ ബോർഡിൽ പരാതിപ്പെട്ടിരുന്നത്. ഈ പരാതി കോട്ടയ്ക്കൽ പൊലീസിലേക്ക് കൈമാറി. ഇവിടെനിന്നാണ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലാണെന്ന് കണ്ടെത്തി അവിടേക്ക് കൈമാറിയത്.

രണ്ടുവർഷത്തിനിടെ

മൂന്നാം പോക്സോ

കഴിഞ്ഞ രണ്ടുവർഷത്തിനി‌ടെ സ്പോർട്സ് കൗൺസിൽ പരിശീലകർക്കെതിരെയുണ്ടാകുന്ന മൂന്നാമത്തെ പോക്സോ കേസാണിത്.ഇപ്പോഴത്തേത് ഉൾപ്പടെ രണ്ട് താത്‌കാലിക്കാരെ കൗൺസിൽ പിരിച്ചുവിട്ടപ്പോൾ ഒരാൾ പിരിച്ചുവിടുംമുന്നേ രാജിവച്ചു. അതേസമയം മുൻ ഭരണസമിതിയുടെ കാലത്ത് സ്ഥിരജീവനക്കാരായ പരിശീലകർക്കെതിരെ കൗൺസിലിൽ ലഭിച്ച പരാതികൾ പൂഴ്ത്തിവയ്ക്കുകയായിരുന്നു. മദ്യപിച്ച് പെൺകുട്ടികളുടെ മുറിയിൽ കയറിയ പരിശീലകനെതിരായ പരാതിപോലും പൊലീസിന് കൈമാറാതെ ഭരണസമിതി ഒതുക്കിത്തീർത്തു. ഇപ്പോഴത്തെകേസിൽ കുട്ടികൾ കൗൺസിലിന് പരാതി നൽകാതെ ചൈൽഡ് പ്രൊട്ടചൈൽഡ് വെൽഫെയർ ബോർഡിനെ സമീപിച്ചതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്.

മുഖ്യമന്ത്രി ഇടപെടണം :

ദേശീയ കായികവേദി

കായികതാരങ്ങൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് തടയിടാൻ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെടണമെന്ന് ദേശീയ കായികവേദി പ്രസിഡന്റ് എസ്.നജുമുദീൻ ആവശ്യപ്പെട്ടു. കുട്ടികൾ നൽകിയ പല പരാതികളും കൗൺസിൽ തന്നെ ഒതുക്കിത്തീർത്ത സംഭവങ്ങൾ അന്വേഷിച്ച് ഈ മേഖലയിൽ പുഴുക്കുത്തുകൾ ഇല്ലാതെയാക്കണമെന്നും നജുമുദീൻ ആവശ്യപ്പെട്ടു.