sister-vandana-francis

റായ്‌പൂർ: ഛത്തീസ‌്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസും സിസ്റ്റർ പ്രീതി മേരിയും ജയിൽ മോചിതരായി. അറസ്റ്റിലായി ഒൻപതുദിവസത്തിനുശേഷമാണ് ദുർഗിലെ ജയിലിൽ നിന്ന് ഇരുവരും പുറത്തിറങ്ങിയത്. നേരത്തെ ഇരുവർക്കും ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. വിവിധ പാർട്ടി നേതാക്കളും മദർസുപ്പീരിയർ അടക്കമുള്ള സഭാനേതാക്കളും കന്യാസ്ത്രീകളെ സ്വീകരിക്കാൻ ജയിലിന് മുന്നിലെത്തിയിരുന്നു.

50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിന് പുറമെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, രാജ്യം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, രണ്ട് ആഴ്‌ചയിലൊരിക്കൽ സ്റ്റേഷനിൽ ഹാജരാകണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവർ ജൂലായ് 25നാണ് അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. തുടർന്ന് ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത കന്യാസ്ത്രീകളെ ദുർഗിലെ ജയിലിൽ തടവിലാക്കുകയായിരുന്നു.