വാരാണസി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധന സൃഷ്ടിച്ച ആഗോള പ്രതിസന്ധിക്കിടെ ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയ്‌ക്കും രാജ്യതാത്പര്യമാണ് മുഖ്യമെന്ന് വ്യക്തമാക്കിയ മോദി, സ്വദേശി ഉത്പന്നങ്ങൾ വാങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തു. സ്വന്തം മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്, ഇന്ത്യയുടേത് 'നിർജീവ സമ്പദ്‌വ്യവസ്ഥ"യാണെന്ന ട്രംപിന്റെ വിവാദ പ്രസ്താവനയോട് മോദി പ്രതികരിച്ചത്. ആഗോള അസ്ഥിരതയുടെ അന്തരീക്ഷമാണെന്നും, എല്ലാ രാജ്യങ്ങളും സ്വന്തം താത്പര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തി ശക്തിയാകാനുള്ള പാതയിലാണ്. അതിനാൽ നമ്മൾ ജാഗ്രതയോടെ നീങ്ങണം. രാജ്യത്തിന്റെ സാമ്പത്തിക താത്പര്യം പരമപ്രധാനമാണ്. ഈ യാത്രയിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്രിവച്ച് രാഷ്ട്രീയ പാർട്ടികൾ അടക്കം സ്വദേശി ഉത്പന്നങ്ങളുടെ വിപ്ലവത്തിനായി ഒന്നിച്ചുനീങ്ങണം. സ്വന്തം ഉത്പന്നങ്ങൾക്ക് മുൻഗണന നൽകേണ്ട സമയമാണ്. അവയ്‌ക്ക് ശക്തമായ അടിത്തറയൊരുക്കണമെന്നും മോദി പറഞ്ഞു. വാരാണസിയിൽ 2,200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും മോദി നിർവഹിച്ചു. പി.എം കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി 9.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന 20,500 കോടി രൂപ വിതരണം ചെയ്‌തു.
പാകിസ്ഥാനോട് പ്രതികാരം ചെയ്‌തു
ഹഹൽഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രതികാരം ചെയ്‌തെന്ന് മോദി പറഞ്ഞു. ശിവഭഗവാന്റെ അനുഗ്രഹത്തോടെ ആയിരുന്നു ഇത്. വിജയം മഹാദേവന്റെ പാദത്തിൽ സമർപ്പിക്കുന്നു. അനീതിയും ഭീകരതയുമുണ്ടാകുമ്പോൾ, മഹാദേവൻ 'രുദ്രരൂപം' അലങ്കരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ലോകം ഇന്ത്യയുടെ ഈ മുഖം കണ്ടു. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകമറിഞ്ഞു. ബ്രഹ്‌മോസ് മിസൈലുകൾ ശത്രുക്കളിൽ ഭയം ജനിപ്പിച്ചിരിക്കുകയാണ്. 140 കോടി ജനങ്ങളുടെ ഐക്യമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ കരുത്തായി മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തത് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ദഹിക്കുന്നില്ലെന്നും വിമർശിച്ചു.