crime

 

മീററ്റ്: ഏഴ് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുറിയിൽ പൂട്ടിയിട്ടതിന് ശേഷം ഭാര്യ സ്പനയെ ഭർത്താവ് രവിശങ്കർ കൊലപ്പെടുത്തുകയായിരുന്നു. രവിശങ്കർ തന്നെയാണ് മരണവിവരം പൊലീസിൽ അറിയിച്ചത്. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, തുടർച്ചയായ വഴക്കിനെ തുടർന്ന് ഇവർ തമ്മിൽ അകന്നുകഴിയുകയായിരുന്നു.

കഴിഞ്ഞ അഞ്ച് മാസമായി സഹോദരീ ഭർത്താവിന്റെ വീട്ടിലാണ് സപ്ന താമസിച്ചിരുന്നത്. ഇന്ന് രാവിലെ സപ്നയെ കാണാനെത്തിയ രവി സപ്നയോട് സംസാരിക്കാനായി ഒന്നാം നിലയിലെ മുറിയിലേക്ക് കൊണ്ട് പോകുകയും കുത്തിക്കൊലപ്പടുത്തുകയുമായിരുന്നു. മുറിയിൽ നിന്ന് നിലവിളികൾ കേട്ടതിനെ തുടർന്ന് സപ്നയുടെ കുടുംബാംഗങ്ങളും അയൽക്കാരും ഓടിയെത്തി. ഇവർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും രവി അകത്തുനിന്ന് പൂട്ടിയിരുന്നു.

രവിശങ്കർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാതിൽ തല്ലിപ്പൊളിക്കുകയായിരുന്നു. ഈ സമയത്ത് മൃതദേഹത്തിന് സമീപം കിടക്കുകയായിരുന്നു പ്രതി. സപ്നയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രവിശങ്കർ സപ്നയുടെ കഴുത്ത് അറുക്കുകയും മരിച്ചതിനുശേഷം പലതവണ കുത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സപ്ന ഏഴ് മാസം ഗർഭിണിയാണെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു.