തിരുവനന്തപുരം: പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നതിനിടെ മാനദണ്ഡങ്ങൾ ലംഘിച്ച് ജലസേചന വകുപ്പിലെ ക്ലറിക്കൽ വിഭാഗം ജീവനക്കാരെ സ്ഥലംമാറ്റിയത് റദ്ദാക്കിയതായി എൻ.ജി.ഒ യൂണിയൻ അറിയിച്ചു. ജൂലായ് 31ന് ഇറങ്ങിയ ഉത്തരവിലൂടെയാണ് വിവിധ ജില്ലകളിലായി 89 ജീവനക്കാരെ സ്ഥലംമാറ്റിയത്. ഭിന്നശേഷിക്കാരും രോഗികളും അടക്കമുള്ളവരെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റിയതിനെതിരെ എൻ.ജി.ഒ യൂണിയൻ നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് നടപടി റദ്ദാക്കിയത്. ചീഫ് എൻജിനിയർ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ഒ.കെ.ബിനിൽ, എ.എസ്.ചിത്ര തുടങ്ങിയവർ സംസാരിച്ചു.