pic

വാഷിംഗ്ടൺ : റഷ്യയ്ക്കടുത്ത് ആണവ അന്തർവാഹിനികൾ വിന്യസിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ മുഖവിലയ്ക്കെടുക്കാതെ റഷ്യ. ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകളെ റഷ്യൻ മുൻ പ്രസിഡന്റ് ഡിമിട്രി മെദ്‌വദേവ് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു. റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ കൂടിയായ മെദ്‌വദേവ്, രാജ്യത്തിന്റെ ആണവാക്രമണ ശേഷി ട്രംപിനെ ഓർമ്മിപ്പിച്ചിരുന്നു.


ഇതിൽ രോഷം കൊണ്ട ട്രംപ് 'ഉചിതമായ മേഖലകളിൽ" യു.എസിന്റെ രണ്ട് ആണവ അന്തർവാഹിനികളെ വിന്യസിക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ ട്രംപിന്റെ നടപടിയെ വകവയ്ക്കുന്നില്ലെന്നും യു.എസിനേക്കാൾ കൂടുതൽ ആണവ അന്തർവാഹിനികളെ തങ്ങൾ ലോക സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും റഷ്യയിലെ മുതിർന്ന പാർലമെന്റ് അംഗം വിക്ടർ വൊഡോലാറ്റ്‌സ്കി പ്രതികരിച്ചു.


യു.എസിന്റെ അന്തർവാഹിനികൾ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണെന്നും അതിനാൽ റഷ്യയ്ക്ക് പ്രതികരിക്കേണ്ട കാര്യമില്ലെന്നും വൊഡോലാറ്റ്‌സ്കി പറഞ്ഞു. വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോ ക്രെംലിൻ വക്താക്കളോ പ്രതികരിച്ചിട്ടില്ല. റഷ്യയെ ആക്രമിക്കാൻ ശേഷിയുള്ള ആണവ അന്തർവാഹിനികളെ നേരത്തെ തന്നെ യു.എസ് വിന്യസിച്ചിട്ടുണ്ട്.


യുക്രെയിനിൽ വെടിനിറുത്തലിന് റഷ്യ ധാരണയിൽ എത്താത്തതിൽ ട്രംപ് കടുത്ത അതൃപ്തനാണ്. ആഗസ്റ്റ് 8നകം വെടിനിറുത്തൽ കരാറിലെത്തണമെന്നും ഇല്ലെങ്കിൽ തീരുവകൾ ചുമത്തുമെന്നുമാണ് റഷ്യയ്ക്ക് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ചർച്ചയ്ക്ക് തയ്യാറെങ്കിലും ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് റഷ്യ.

# ട്രംപിനെ ചൊടിപ്പിച്ചത് ആണവാക്രമണ ഭീഷണി


 യുക്രെയിന്റെ പേരിൽ ട്രംപ് റഷ്യയ്ക്കെതിരെ ആവർത്തിച്ച് ഭീഷണി മുഴക്കി. റഷ്യയ്ക്കും ഇന്ത്യയടക്കം റഷ്യയുടെ വ്യാപാര പങ്കാളികൾക്കും തീരുവ ഭീഷണികൾ ഉയർത്തി

 പുട്ടിൻ പ്രതികരണങ്ങളിൽ സംയമനം പാലിച്ചെങ്കിലും മെദ്‌വദേവ് ട്രംപുമായി സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി

 ഇന്ത്യയ്ക്കും റഷ്യയ്ക്കും 'നിർജീവമായ" സമ്പദ്‌വ്യവസ്ഥകളാണെന്നും അവ ഒരുമിച്ച് തകരട്ടെയെന്നും ട്രംപ്. മെദ്‌വദേവിനെ പരാജിതനെന്ന് പരിഹസിച്ചു

 റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓർക്കണമെന്നും ട്രംപ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും പറ‌ഞ്ഞ മെദ്‌വദേവ് റഷ്യയ്ക്ക് ആണവാക്രമണ ശേഷിയുണ്ടെന്ന് ഓർമ്മിപ്പിച്ചു

 മെദ്‌വദേവിന്റെ പ്രസ്താവന അങ്ങേയറ്റം പ്രകോപനപരമെന്ന് ട്രംപ്

# അന്തർവാഹിനികൾ

 യു.എസ് - 70

 റഷ്യ - 63

(ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ കഴിയുന്ന 14 എണ്ണം അടക്കം യു.എസിന്റെ മുഴുവൻ അന്തർവാഹിനികളും ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്നു. റഷ്യൻ അന്തർവാഹിനികളിൽ 30ൽ താഴെ മാത്രമാണ് ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്നത്)