ടെൽ അവീവ്: ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം നിലവിൽ വരുന്നതുവരെ ആയുധം താഴെവയ്ക്കില്ലെന്ന് ഹമാസ്. ഗാസ യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഹമാസിനെ നിരായുധീകരിക്കണമെന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം. ഹമാസ് പരസ്യമായി ഇതു തള്ളിയതോടെ ഗാസയിലെ വെടിനിറുത്തലിനായുള്ള ചർച്ചകൾ വഴിമുട്ടി.
അതേ സമയം, ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ ആക്രമണം ഇടവേളകളില്ലാതെ തുടരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡ, യു.കെ, ഫ്രാൻസ് എന്നിവരുടെ നീക്കത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു. നീക്കത്തെ ഹമാസിനുള്ള പ്രതിഫലമായും ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയായും കണക്കാക്കുന്നതായി നെതന്യാഹു പറഞ്ഞു.
അതിനിടെ, ഗാസയിൽ മതിയായ ഭക്ഷണം കിട്ടാതെ ഒരു കുട്ടി അടക്കം 7 പേർ കൂടി ഇന്നലെ മരിച്ചു. ഇതോടെ ഗാസയിൽ പട്ടണി മൂലം മരിച്ചവരുടെ എണ്ണം 93 കുട്ടികൾ അടക്കം 169 ആയി. ഇന്നലെ ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 39 പേർ കൂടി കൊല്ലപ്പെട്ടതോടെ, ആകെ മരണ സംഖ്യ 60,430 കടന്നു.