ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലെയെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി മകന്‍ രോഹന്‍ ജെയ്റ്റ്‌ലി. കര്‍ഷക നിയമത്തിനെതിരെ സമരം ചെയ്യുമ്പോള്‍ തങ്ങളെ പിന്തിരിപ്പിക്കാനായി ഭീഷണി സന്ദേശവുമായി അരുണ്‍ ജയ്റ്റ്‌ലി ആളെ അയച്ചിരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം. ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ലീഗല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമ്പോഴാണ് രാഹുല്‍ ഇത്തരമൊരു പരാമര്‍ശനം നടത്തിയത്.
കര്‍ഷക നിയമത്തില്‍ സര്‍ക്കാറിനെതിരെ സമരം ശക്തമാക്കുകയാണെങ്കില്‍ പ്രത്യാഘാതം അനുഭവിക്കുമെന്നായിരുന്നു ഭീഷണി. ഞാന്‍ അദ്ദേഹത്തെ ഒന്ന് നോക്കി... ആരോടാണ് സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയും നല്‍കി' - രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വാര്‍ത്തയായതോടെ ഈ വിഷയത്തില്‍ പ്രതികരിച്ച് അരുണ്‍ ജയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ ജയ്റ്റ്‌ലി രംഗത്ത് വരികയായിരുന്നു. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിന് മേല്‍ നിങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ 2019ല്‍ മരണപ്പെട്ട എന്റെ പിതാവ് എങ്ങനെയാണ് നിങ്ങളെ ഭീഷണിപ്പെടുത്തുക എന്നായിരുന്നു രോഹന്റെ ചോദ്യം. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രോഹന്‍ ജയ്റ്റ്‌ലി രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയത്.
അഭിപ്രായ വ്യത്യാസമുള്ളവരെ ഭീഷണിപ്പെടുത്തുകയെന്നത് തന്റെ പിതാവിന്റെ രീതിയായിരുന്നില്ലെന്നും അദ്ദേഹം ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്നും രോഹന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി.