ind-vs-eng

ഓവല്‍ (ലണ്ടന്‍): ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 374 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 396 റണ്‍സിന് എല്ലാവരും പുറത്തായി. ആകെ ലീഡ് 373 റണ്‍സ്. ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി കളം നിറഞ്ഞ ആകാശ് ദീപ്. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനങ്ങളുമാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

യശസ്വി ജയ്‌സ്‌വാള്‍ (118) റണ്‍സ് നേടി പുറത്തായപ്പോള്‍ നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപ് (66) റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (11), കരുണ്‍ നായര്‍ (17) എന്നിവര്‍ പെട്ടെന്ന് മടങ്ങി. പിന്നീട് വന്ന രവീന്ദ്ര ജഡേജ (53), വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരല്‍ (34) വാഷിംഗ്ടണ്‍ സുന്ദര്‍ (53) എന്നിവരുടെ പ്രകടങ്ങള്‍ ഇന്ത്യക്ക് 400ന് അടുത്ത് ലീഡ് സമ്മാനിക്കുകയായിരുന്നു.സിറാജ് പൂജ്യത്തിന് പുറത്തായപ്പോള്‍ പ്രസീദ്ധ് കൃഷ്ണ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗസ് അറ്റ്കിന്‍സണ്‍ മൂന്നും ജെയ്മി ഓവര്‍ടണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

75ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം കളി പുനരാരംഭിച്ചത്. നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപ് നേടിയ അര്‍ദ്ധ സെഞ്ച്വറി ഇംഗ്ലീഷുകാരെ ഞെട്ടിക്കുകയായിരുന്നു. പിന്നീട് അവസാന വിക്കറ്റില്‍ പ്രസീദ്ധ് കൃഷ്ണയെ ഒരു വശത്ത് കാഴ്ചക്കാരനായി നിര്‍ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ ഹാഫ് സെഞ്ച്വറിയും ഇംഗ്ലണ്ട് പ്രതീക്ഷിച്ചതല്ല. 357ന് ഒമ്പത് എന്ന നിലയില്‍ നിന്ന് ട്വന്റി20 സ്റ്റൈല്‍ ബാറ്റിംഗിലൂടെ വാഷി അടിച്ചെടുത്തത് 39 റണ്‍സാണ്. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഓള്‍റൗണ്ടറുടെ ഇന്നിംഗ്‌സ്.

പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇംഗ്ലണ്ടിന് ആന്‍ഡേഴ്‌സണ്‍ - ടെന്‍ഡുല്‍ക്കര്‍ ട്രോഫി നഷ്ടപ്പെടാതിരിക്കാന്‍ സമനില നേടിയാലും മതി. എന്നാല്‍ അടുത്ത രണ്ട് ദിവസം കൂടി കളി അവശേഷിക്കുന്നതിനാല്‍ അതിന് സാദ്ധ്യത കുറവാണ്. വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സമനിലയില്‍ എത്തിക്കാന്‍ കഴിയും.