hairfall

ഒട്ടുമിക്ക ആളുകളും നിർത്താതെ പരാതി പറയുന്ന പ്രശ്നങ്ങളിലൊന്ന് മുടികൊഴിച്ചിൽ. ചീപ്പ് എടുത്ത് പതിയെ മുടി ഒന്ന് ചീകുമ്പോൾ തന്നെ മുടി പൊട്ടി പോരുന്നത് കാണുന്നതിനേക്കാൾ വിഷമമുണ്ടാക്കുന്ന മറ്റൊന്നുമുണ്ടാകില്ല. ഇതിനായി പലതരത്തിലുള്ള ഉല്പന്നങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മൾ.

എന്നാൽ, മുടി കൊഴിച്ചിൽ അകറ്റാൻ ഏറ്റവും പ്രധാനം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്. കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും നാം തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിന് കഴിയും. മുട്ട, പാൽ, ചീസ്, തൈര്, മത്സ്യം, മാംസം, പരിപ്പ്, വിത്തുകൾ എന്നിവയിൽ നിന്ന് മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ പ്രോട്ടീൻ ലഭിക്കും. ചീര, പയർ, ബീറ്റ്റൂട്ട്, പരിപ്പ്, മാംസം എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് കൂട്ടാനും മുടി കൊഴിച്ചിൽ തടയാനും കഴിയും.

ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, പേരയ്ക്ക തുടങ്ങിയ വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും. മുട്ടയുടെ മഞ്ഞ, കൂൺ, പാൽ, കൊഴുപ്പുള്ള മത്സ്യം എന്നിവ വിറ്റാമിൻ ഡി യുടെ ഉറവിടങ്ങളാണ്. മുടിയ്ക്ക് കരുത്തേകാൻ ഇത് സഹായിക്കും. ചീര, പരിപ്പ്, മുട്ട, കൂൺ, മധുരക്കിഴങ്ങ്, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിന് ബയോട്ടിൻ മികച്ചതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ മുടിയ്ക്ക് വളരെ നല്ലതാണ്.

സാൽമൺ, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങളെല്ലാം സമീകൃതാഹാരത്തിൻ്റെ ഭാഗമാക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.