തൊടുപുഴ: വെളിച്ചെണ്ണ വില നാനൂറിലെത്തിയതിന് പിന്നാലെ വിപണിയിൽ പച്ചക്കറി വിലയിലും കുതിപ്പ് ആരംഭിച്ചു. ഈ നില തുടർന്നാൽ ഓണമെത്തുമ്പോൾ അടുക്കള ബഡ്ജറ്റ് പൂർണമായും താളം തെറ്റുമെന്ന് ഉറപ്പായി. കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് പലതിനും വില കൂടാൻ കാരണം. നിലവിൽ തമിഴ്നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിൽ പച്ചക്കറിയെത്തുന്നത്. മഴ കനത്തതോടെയാണ് വില വർദ്ധിക്കാൻ ആരംഭിച്ചത്.
ക്യാരറ്റ് - 80, ഇഞ്ചി - 60, വഴുതന - 50, മാങ്ങ - 70, നാളികേരം- 85, തക്കാളി - 60 എന്നിവയ്‌ക്കെല്ലാം വില വർദ്ധിച്ചിട്ടുണ്ട്. 10 രൂപ മുതൽ 45 രൂപ വരെയാണ് വില വർദ്ധന. ഈ നില തുടർന്നാൽ ഓണത്തിന് വിപണിയിൽ തീ വിലയാകുമെന്നുറപ്പാണ്. എന്നാൽ മുരിങ്ങക്കായ, വെളുത്തുള്ളി, ചേന, ഏത്തക്കായ എന്നിവയ്ക്ക് വില കുറഞ്ഞത് ആശ്വാസകരമാണ്. മുമ്പ് 280 വരെ വിലയെത്തിയ വെളുത്തുള്ളി വില 160ലേക്ക് ചുരുങ്ങി.
ചേന വില 100ൽ നിന്നും 70ലേക്കും ഏത്തക്കായ 60ൽ നിന്ന് 40ലേക്കും കുറഞ്ഞിട്ടുണ്ട്. ഏത്തയ്ക്കാ അടിമാലി മേഖലയിൽ നിന്ന് വ്യാപകമായി വിപണിയിൽ എത്തുന്നതും വിലക്കുറവിന് കാരണമാണ്. ഇത് ഓണം ലക്ഷ്യമിട്ട് ഉപ്പേരി തയ്യാറാക്കുന്നവർക്ക് ആശ്വാസകരമാണ്. സവാള, മുളക്, പയർ, കാബേജ്, പാവക്ക, മത്തങ്ങ വെള്ളരി, കുമ്പളങ്ങ, ബീൻസ് എന്നിവയുടെ വില കുറച്ച് നാളുകളായി മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ വരും ദിവസങ്ങളിൽ പച്ചക്കറി വിലയിൽ മാറ്റമുണ്ടാകാമെന്ന് വ്യാപാരികൾ പറയുന്നു. സംസ്ഥാനത്ത് കൃഷിവകുപ്പ് നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി ഉത്പാദന യഞ്ജത്തിന്റെ ഭാഗമായുള്ള പച്ചക്കറികൾ വിപണിയിൽ എത്താൻ വൈകിയാൽ വില ഇരട്ടിയാകുമെന്നുറപ്പാണ്.
'പച്ചക്കറി കൃഷി നാട്ടിൽ കുറഞ്ഞതും കാലാസ്ഥ വ്യതിയാനവും വില കൂടാൻ കാരണമാണ്. നിലവിൽ വില കുറഞ്ഞ് നിൽക്കുന്ന പച്ചക്കറികളിൽ പലതിന്റെയും വിലയിൽ വരും ദിവസങ്ങളിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ട്. മഴ കച്ചവടത്തെ കാര്യമായി ബാധിക്കുന്നു."
-കെ.കെ. കരുണാകരൻ (തൊടുപുഴയിലെ പച്ചക്കറി വ്യാപാരി )
പഴങ്ങൾ സുലഭം
പച്ചക്കറിവിലയിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും പഴം വിപണിയിൽ നിലവിൽ വില വർദ്ധനവില്ല. മാങ്ങ, ഏത്തപ്പഴം, റംബൂട്ടാൻ, പൈനാപ്പിൾ അടക്കമുള്ളവയ്ക്ക് കാര്യമായ വില കൂടിയിട്ടില്ല. ഇതിനാൽ തന്നെ വഴിയോരങ്ങളിൽ ഉന്ത് വണ്ടികളിലും മറ്റും ഇവയുടെ കച്ചവടം സുലഭമാണ്.