sebastain

ചേർത്തല: ജെയ്‌നമ്മ കൊലക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം. അഞ്ച് വർഷം മുമ്പ് കാണാതായ ചേർത്തല തെക്ക് പഞ്ചായത്ത് 13ാംവാർഡ് വള്ളാക്കുന്നത്ത് വെളി സിന്ധു(ബിന്ദു–43) അടക്കം 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പരിശോധിക്കും.

അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധന നടത്തും. ജെയ്നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭൻ, ചേർത്തല ശാസ്താങ്കൽ സ്വദേശി ഐഷ എന്നിവരുടെ കേസുകളും സജീവമായതിനു പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്.

ജെയ്നമ്മയെ കാണാതായ സംഭവത്തിൽ പള്ളിപ്പുറം ചൊങ്ങുംതറയിൽ സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകൾക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.


ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അർത്തുങ്കൽ പൊലീസ് നാലുവർഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദ്ദേശത്തിൽ വീണ്ടും പരിശോധിച്ചു. 2020 ഓക്ടോബർ 19ന് തിരുവിഴയിൽ നിന്നാണ് സിന്ധുവിനെ കാണാതായത്. മൊബൈൽ ഫോൺ വീട്ടിൽ വച്ചതിനുശേഷം ക്ഷേത്രദർശനത്തിനെന്നു പറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകൾ നൽകിയ പരാതിയെത്തുടർന്ന് അർത്തുങ്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി.തുടർന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അന്വേഷണം നടത്തിയിട്ടും തെളിവുകൾ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വർഷം കേസന്വേഷണം ഉപേക്ഷിച്ചത്.മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്.

ഭാവവ്യത്യാസമില്ലാതെ സെബാസ്റ്റ്യൻ

മുഖപരിചയമുള്ളവർക്ക് മുന്നിലും പതറാതെ സെബാസ്റ്റ്യൻ. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ ക്രൈംബ്രാഞ്ച് കൊലപാതകത്തിന് കേസെടുത്ത പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യനെ(62) ശനിയാഴ്ചയാണ് ചേർത്തല നഗരത്തിൽ തെളിവെടുപ്പിനെത്തിച്ചത്. ഡ്രൈവറായും,വസ്തു ഇടനിലക്കാരനായും ചേർത്തല നഗരത്തിൽ സജീവമായിരുന്ന സെബാസ്റ്റ്യനെ കടുത്ത പൊലീസ് കാവലിലായിരുന്നു എത്തിച്ചത്. സെബാസ്റ്റ്യനെ എത്തിച്ചതറിഞ്ഞ് വലിയ കൂട്ടം ആളുകളും മാദ്ധ്യമങ്ങളും തെളിവെടുക്കുന്ന ഇടങ്ങളിൽ എത്തിയിരുന്നു. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവൻ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യൻ കൂസലില്ലാതെയാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചത്. ഇയാളൊരു സീരിയൽ കില്ലറാണോയെന്നും സംശയിക്കുന്നുണ്ട്.