ഗാസ സിറ്റി: 2023 ഒക്ടോബർ ഏഴിന് സംഗീത പരിപാടിക്കിടെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കിയ യുവാവ് സ്വന്തം ശവക്കുഴിയെടുക്കുന്ന വീഡിയോ പുറത്ത് വിട്ട് ഹമാസ്. 24കാരനായ എവ്യാതർ ഡേവിഡിന്റെ ദൃശ്യങ്ങളാണ് ഹമാസ് പുറത്തു വിട്ടിരിക്കുന്നത്. "ഞാൻ എന്റെ ശവക്കുഴിയിലേക്ക് പോകുകയാണ്. ഇവിടെയാണ് എന്നെ അടക്കുന്നത്. ഞാൻ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല. എനിക്ക് കുടിവെള്ളം പോലും കഷ്ടിച്ചാണ് കിട്ടിയത്.' ഹീബ്രു ഭാഷയിൽ യുവാവ് പറയുന്നു.
ഹമാസിന്റെ പ്രചാരണാർത്ഥം തങ്ങളുടെ മകനെ പട്ടിണിക്കിട്ട് ദൃശ്യങ്ങൾ പകർത്തി ലോകം കണ്ട ഏറ്റവും ഭീകരമായ പ്രവൃത്തിയാണെന്ന് ഡേവിഡിന്റെ കുടുംബം പ്രതികരിച്ചു. ഇടുങ്ങിയ ഒരു ടണലിനുള്ളിൽ എല്ലും തോലും മാത്രമായ ഡേവിഡിനെ കാണിക്കുന്ന വീഡിയോ ഹമാസ് പുറത്തുവിട്ടതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ശനിയാഴ്ച കുടുംബത്തിന്റെ പ്രതികരണം വന്നത്.
എവ്യാതറിനെ രക്ഷിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് ബന്ദിയുടെ മാതാപിതാക്കൾ ഇസ്രായേൽ സർക്കാരിനോടും ലോക സമൂഹത്തോടും അഭ്യർത്ഥിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുവാവിന്റെ കുടുംബവുമായി ചർച്ച നടത്തി. തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം കുടുംബത്തോട് പറഞ്ഞു.
അതേസമയം ഹമാസ് മറ്റൊരു ബന്ദിയുടെ ദൃശ്യങ്ങൾ കൂടി പുറത്തുവിട്ടിരുന്നു. ഇസ്രായേലി-ജർമ്മൻ പൗരത്വമുള്ള റോം ബ്രെസ്ലാവ്‌സ്‌കി എന്ന യുവാവിന്റേതാണ് വീഡിയോ. മോചനത്തിന് സഹായിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് പറയുന്ന ദൃശ്യങ്ങളായിരുന്നു അത്. വീഡിയോയിൽ ബ്രെസ്ലാവ്‌സ്‌കിയുടെ അവസ്ഥ വളരെ മോശമായിട്ടാണ് കാണപ്പെടുന്നത്.
ഒക്ടോബറിൽ ഹമാസിന്റെ ആക്രമണം നടന്നപ്പോൾ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ജറുസലേമിൽ നിന്നുള്ള പൗരനാണ് ബ്രെസ്ലാവ്‌സ്‌കിയെന്ന് അറബ് വാർത്താ ഏജൻസിയായ എഎഫ്‌പിയും ഇസ്രായേലി മാദ്ധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏകദേശം രണ്ട് വർഷം മുമ്പ് ഇസ്രായേലിനെതിരായ ആക്രമണത്തിനിടെ 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന 49 പേരിൽ ഒരാളാണ് ഡേവിഡ്. മരിച്ചതായി കരുതപ്പെടുന്ന 27 ബന്ദികളും ഇതിൽ ഉൾപ്പെടുന്നു.
How psychopathic is Hamas?
— Eylon Levy (@EylonALevy) August 2, 2025
It forced starving hostage Evyatar David to DIG HIS OWN GRAVE for the cameras. pic.twitter.com/iMa404St4s