മുംബയ്: എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ദി കേരള സ്റ്റോറിക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി സംവിധായകൻ സുധീപ്‌തോ സെൻ. കേരളത്തിൽ നിന്നുള്ള ഇസ്ളാം മതപരിവർത്തന കഥ പറയുന്ന വിവാദ ചിത്രമായ കേരള സ്റ്റോറിക്ക് മികച്ച സംവിധായകനും, മികച്ച ഛായാഗ്രാഹകനുമുള്ള (പ്രശാന്തനു മൊഹാപാത്ര) അവാർഡുകളാണ് ലഭിച്ചത്. ചിത്രത്തിന് കൂടുതൽ പുരസ്‌കാരങ്ങൾ ലഭിക്കാൻ അർഹതയുണ്ടായിരുന്നുവെന്നാണ് സുധീപ്‌തോ സെൻ പറഞ്ഞത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിത നേട്ടമായിരുന്നു. സാങ്കേതിക വിഭാഗങ്ങളിലെ പുരസ്‌കാരമായിരുന്നു പ്രതീക്ഷിച്ചത്. എന്റെ സാങ്കേതിക പ്രവർത്തകരുടെ പ്രയത്നം അംഗീകരിക്കപ്പെടണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. ഒരു സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിനുശേഷവും ഇത്രയധികം ചർച്ച ചെയ്യപ്പടണമെങ്കിൽ അത് തീർച്ചയായും മികച്ചതായിരിക്കും. അതുകൊണ്ടാണ് സാങ്കേതിക പ്രവർത്തകർക്ക് പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചത്. ഛായാഗ്രാഹകന് ലഭിച്ചു. എന്നാൽ എഴുത്തുകാരനും മേക്കപ്പ് ആർട്ടിസ്റ്റിനും നടി അദാ ശർമ്മയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നുവെങ്കിൽ കൂടുതൽ സന്തോഷമാകുമായിരുന്നു.
ഒരു സാധാരണ പശ്ചാത്തലത്തിൽ നിന്നുവന്ന് 20-25 വർഷം കഷ്ടപ്പെട്ടതിനുശേഷം സിനിമ സംവിധാനം ചെയ്തതിന് രാജ്യത്തെ പരമോന്നത പുരസ്‌കാരം ലഭിക്കുന്നത് വലിയ ബഹുമതിയാണ്. ഞാൻ ഏകദേശം 25 വർഷമായി മുംബയിലാണ് താമസം. എന്നാൽ ബോളിവുഡുമായി ഒരിക്കലും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. മുംബയ് സിനിമാ വ്യവസായം നിർമിക്കുന്നതരം സിനിമകളല്ല എന്റെ ശൈലി. ഞാനിപ്പോഴും ഇവിടെ പുറത്തുനിന്നുള്ളയാളാണ്. ഇവിടെയുള്ളവർക്ക് എന്നെ കാര്യമായി അറിയില്ല. അവരുടെ അംഗീകാരം എന്റെ സിനിമാ യാത്രയിൽ ഒരിക്കലും വലിയ ഘടകമായിരുന്നില്ല. എന്റെ പ്രേക്ഷകരുടെ അംഗീകാരമാണ് എനിക്ക് പ്രധാനം.