ക്വിറ്റോ : ഇക്വഡോറിൽ നടന്ന വനിതകളുടെ കോപ്പ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി ബ്രസീൽ. ഫൈനലിൽ കൊളംബിയയെ 5-4ന് ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ബ്രസീലിന്റെ ഒൻപതാം കോപ്പ കിരീടധാരണം. നിശ്ചിത സമയത്ത് 4-4ന് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
നിശ്ചിത സമയത്ത് 3-2ന് കൊളംബിയ മുന്നിൽ നിൽക്കേ പകരക്കാരിയായി കളത്തിറങ്ങിയ മുൻ നായിക മാർത്തയുടെ ഇരട്ടഗോളുകളാണ് ബ്രസീലിന്റെ കിരീടധാരണത്തിൽ നിർണായകമായത്. നിശ്ചിത സമയം അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സമനില പിടിച്ച മാർത്ത അധികസമയത്ത് ടീമിനെ 4-3ന് മുന്നിലെത്തിക്കുകയും ചെയ്തു. എന്നാൽ 115-ാംമിനിട്ടിൽ കൊളംബിയ വീണ്ടും സ്കോർ ചെയ്‌തതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ മാർത്തയുടെ കിക്ക് പാഴായിരുന്നു.
തുടർച്ചയായ അഞ്ചാം തവണയാണ് ബ്രസീൽ വനിതാ കോപ്പ നേടുന്നത്.
കഴിഞ്ഞ അഞ്ചുഫൈനലുകളിൽ നാലിലും തോൽപ്പിച്ചത് കൊളംബിയയെ.