pic

വാഷിംഗ്ടൺ: യു.എസിൽ കാർ അപകടത്തിൽ ഇന്ത്യൻ വംശജരായ നാല് കുടുംബാംഗങ്ങൾക്ക് ദാരുണാന്ത്യം. കിഷോർ ദിവാൻ (89), ഭാര്യ ആശ (85), ശൈലേഷ് ദിവാൻ (86), ഭാര്യ ഗീത (84) എന്നിവരാണ് മരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി വെസ്റ്റ് വിർജീനിയയിലെ മാർഷൽ കൗണ്ടിയിൽ ബിഗ് വീലിംഗ് ക്രീക്ക് റോഡിലാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുത്തനെയുള്ള താഴ്ചയിലേക്ക് മറിഞ്ഞ നിലയിലായിരുന്നു കാർ.

ന്യൂയോർക്കിലെ ബഫല്ലോയിൽ നിന്ന് മാർഷൽ കൗണ്ടിയിലെ പ്രഭുപാദാസ് പാലസ് ഒഫ് ഗോൾഡിലേക്ക് വരികയായിരുന്ന ഇവരെ കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് തെരച്ചിൽ നടത്തുകയായിരുന്നു. ജൂലായ് 29ന് പെൻസിൽവേനിയയിലെ ഇറിയിലെ പീച്ച് സ്ട്രീറ്റിലുള്ള ബർഗർ കിംഗ് ഔട്ട്‌ലെറ്റിലെത്തിയ ശേഷം ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ക്ഷേത്രത്തിൽ നിന്ന് 5 മൈൽ അകലെയുള്ള പ്രദേശത്ത് വച്ചായിരുന്നു അപകടം.