വീട്ടിൽ വെള്ളം കയറിയപ്പോൾ പൂക്കളും പാലുമൊഴിച്ച് അതിനെ പൂജിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം നടന്നത്. ഉത്തരേന്ത്യയിലുടനീളം തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. പ്രയാഗ്‌രാജിലെ എസ്ഐ ചന്ദ്രദീപ് നിഷാദാണ് വീഡിയോയിൽ ഉള്ളത്.
വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയിട്ടുണ്ട്. വീടിന്റെ മുകൾഭാഗത്ത് നിന്ന് ഷൂ ഊരി പാന്റ് ഉയർത്തി വരുന്ന പൊലീസുകാരനെ ആദ്യം വീഡിയോയിൽ കാണാം. പിന്നാലെ ഇയാൾ പുഷ്പങ്ങൾ ആദ്യം വെള്ളത്തിൽ ഇടുന്നു. ശേഷം മന്ത്രോച്ചാരണത്തോടെ കയ്യിൽ കരുതിയ പാൽ വെള്ളത്തിൽ ഒഴിക്കുന്നതും പ്രാർത്ഥിക്കുന്നതും വീഡിയോയിൽ ഉണ്ട്. വീട്ടിലുള്ളവർക്ക് അനുഗ്രഹം നൽകാൻ ഗംഗാമാത എത്തിയതാണെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.
#प्रयागराज - द्वार पर पहुंची मां गंगा तो @Uppolice के SI चंद्रदीप निषाद ने फूल और दूध चढ़ाकर किया नमन, लोगों को पसंद आ रहा है वीडियो।#viral #UPPoliceInNews #cop #prayagraj #UPNewsLive #Trending @ViralWorldin pic.twitter.com/9NJAE4GGLt
— Rajan Tyagi (@king_news18) August 2, 2025
ഇതുകൂടാതെ വേറെയും നിരവധി വീഡിയോകൾ ഈ എസ് ഐയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. വീട്ടുമുറ്റത്തെ ചെളി വെള്ളത്തിൽ കുളിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്‌ക്കെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. എന്ത് മണ്ടത്തരമാണ് കാണിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇയാൾ ശരിക്കും പൊലീസുകാരൻ തന്നെയാണോയെന്നും പലരും സംശയം ഉയർത്തുന്നു. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.