coconut-oil-

തൃശൂർ: ഏതാനും മാസങ്ങളായി വെളിച്ചെണ്ണ വില പിടിവിട്ട് ഉയർന്നതിനു പിന്നാലെ നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പച്ചക്കറിക്കും വില കുതിച്ചുയരുന്നു. ബീൻസിനും കാരറ്റിനും കിലോഗ്രാമിന് നൂറു രൂപയോളമാണ് വില. പച്ചക്കറികൾക്ക് ചുരുങ്ങിയത് 10 - 15 രൂപയാണ് ഒരാഴ്ചയ്ക്കകം കൂടിയത്. മിക്ക ഇനങ്ങളുടെയും വില 60 കവിഞ്ഞു. നാടൻ ഇനങ്ങൾ കിട്ടാനുമില്ല. നാടൻ കൂർക്കയും പയറും ചേമ്പും ചേനയുമെല്ലാം പ്രാദേശിക വിപണിയിൽ പോലും കുറഞ്ഞു. മീനാക്ഷിപുരം, പൊള്ളാച്ചി, കോയമ്പത്തൂർ, മേട്ടുപ്പാളയം, ഊട്ടി മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ ഭൂരിഭാഗവും എത്തുന്നത്. കർഷക സംരംഭങ്ങൾ നിരവധി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.


വിളവ് കുറച്ച് മറുനാട്ടിലും മഴ

കാലവർഷം കേരളത്തിൽ തിമിർത്തു പെയ്തതു പോലെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ പെയ്ത കനത്തമഴയിൽ വിളവ് കുറഞ്ഞു. പച്ചക്കറിവരവ് കുറഞ്ഞതോടെ വില പെട്ടെന്ന് കൂടി. തോരാ മഴയിൽ പ്രാദേശിക പച്ചക്കറിക്കൃഷിയും വെള്ളത്തിലായി. വൻനാശമാണ് കർഷകർക്കുണ്ടായത്. ഇടവിട്ടുള്ള മഴയും വെയിലുമുള്ള കാലാവസ്ഥയാണ് പച്ചക്കറിക്കൃഷിക്ക് ഗുണകരം. എന്നാൽ കേരളത്തിലും പുറത്തും മഴ ശക്തമാണ്.

 വില കിലോഗ്രാമിന്

ചെങ്ങാലിക്കോടൻ നേന്ത്രക്കായ: 95
ബീൻസ്: 95

മുളക് : 90

ഇഞ്ചി : 90

കാരറ്റ് : 90

പയർ : 70

വെണ്ട : 60

നേന്ത്രക്കായ: 60

കയ്പയ്ക്ക: 60

അമര : 60

തക്കാളി : 60
ബീറ്റ്‌റൂട്ട് : 60

വെണ്ടയ്ക്ക : 60

നാരങ്ങ : 60

കോവയ്ക്ക : 60

ചേമ്പ്: 50

മുരിങ്ങ: 40


ഓണവിപണിയ്ക്കായി തമിഴ്‌നാട്ടിൽ ഫ്രീസർ

ഓണവിപണി മുന്നിൽക്കണ്ട് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തും പൊള്ളാച്ചിയിലും ആധുനിക ഫ്രീസറിൽ പച്ചക്കറികൾ ശേഖരിക്കുന്നുമുണ്ട്. ഒരു മാസത്തിലേറെ പച്ചക്കറികൾ ഇങ്ങനെ സൂക്ഷിക്കാമെന്ന് പറയുന്നു. തമിഴ്‌നാട് സർക്കാരാണ് ഫ്രീസറുകൾ കർഷക സംഘങ്ങൾക്ക് നൽകുന്നത്. ഈ പച്ചക്കറികളിൽ രാസവസ്തുക്കൾ ചേർക്കാനും സാദ്ധ്യതയുണ്ടെന്ന് തൃശൂരിലെ പച്ചക്കറി വ്യാപാരികൾ പറയുന്നു. സവാളയുടെ ആസ്ഥാനമായ നാസിക്കിലെ വ്യാപാരികളും കേരളത്തിലെ മൊത്തക്കച്ചവടക്കാരെ കുടുക്കുന്നുണ്ട്. ലോറിയുടെ വശങ്ങളിൽ വലിയ സവാളയും നടുവിൽ വളരെ ചെറിയ സവാളയും കയറ്റി അയച്ച് ലക്ഷങ്ങളുടെ നഷ്ടങ്ങൾ വരുത്തിയതായും പറയുന്നു.