ബംഗളൂരു: മുസ്ളീം മതവിശ്വാസിയായ ഹെഡ്മാസ്റ്ററെ പുറത്താക്കാൻ സ്കൂൾ വാട്ടർ ടാങ്കിൽ കീടനാശിനി കലർത്തിയ മൂന്നുപേർ പിടിയിൽ. കർണാടകയിലെ ബെലഗാവിയിലുള്ള ഹൂളിക്കട്ടി ഗ്രാമത്തിലാണ് സംഭവം.ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ 13 വർഷമായി ഹെഡ്മാസ്റ്ററാണ് സുലൈമാൻ ഗോരിനായക്. ഇദ്ദേഹത്തെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയ കൃഷ്ണ മദർ, സാഗർ പാട്ടീൽ, മഗനഗൗഡ പാട്ടിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലായ് 14ന് സ്കൂളിലെ 13 കുട്ടികൾ ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികൾക്ക് ടാങ്കിൽ നിന്നും വെള്ളം കുടിച്ചതോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സ്ഥലത്ത് ഒരു ധാബ നടത്തുന്നയാളാണ് സാഗർ. ഇയാളും മഗനഗൗഡ പാട്ടീലും ഏറെ നാളായി സുലൈമാൻ ഗോരിനായകിനെ ഹെഡ്മാസ്റ്റർ സ്ഥാനത്ത് നിന്നും മാറ്റണം എന്നാവശ്യപ്പെടുന്നവരാണ്. ഇതിന് സാധിക്കാതെ വന്നതോടെ വിഷം കലർത്തി സ്ഥലത്ത് വർഗീയ കലാപമുണ്ടാക്കി ഹെഡ്മാസ്റ്ററെ പുറത്താക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്ഥലത്ത് എത്തിയ ഫൊറൻസിക് വിഭാഗം വാട്ടർടാങ്കിന് സമീപത്ത് നിന്നും കളനാശിനി വെള്ളത്തിൽ കലർത്താൻ കൊണ്ടുവന്ന ഒരു ബോട്ടിൽ കണ്ടെത്തി.
അന്വേഷണത്തിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയിലേക്കാണ് പൊലീസ് എത്തിയത്. ഈ കുട്ടിക്ക് പ്രധാനപ്രതിയായ കൃഷ്ണ ഭീഷണിപ്പെടുത്തി കീടനാശിനി നൽകി കൃത്യം ചെയ്യിക്കുകയായിരുന്നു. കുട്ടി വിവരം പൊലീസിനോട് പറഞ്ഞതോടെ മൂന്ന് പ്രതികളും പിടിയിലാകുകയായിരുന്നു. മൂന്ന് പ്രതികളും തീവ്ര ഹിന്ദുസംഘടനയായ ഹനുമാൻ സേനയിൽ പ്രവർത്തിക്കുന്നവരാണ്.
സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഞെട്ടൽ രേഖപ്പെടുത്തി. അറസ്റ്റിലായ കൃഷ്ണ മദർ, സാഗർ പാട്ടീൽ, മഗനഗൗഡ പാട്ടിൽ എന്നിവരെ ഹിന്ദൽഗ ജയിലിൽ അടച്ചു. കീടനാശിനി കലർന്ന വെള്ളം കുടിച്ച കുട്ടികൾ ആരോഗ്യം വീണ്ടെടുത്തതായാണ് വിവരം.