പത്തനംതിട്ട: കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിമർശനം. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി ടിയുടെ (47) മരണത്തിനുത്തരവാദി ഡിസ്‌ട്രിക്‌ട് എജ്യൂക്കേഷൻ ഓഫീസിലെ (ഡിഇഒ) ഉദ്യോഗസ്ഥരാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ വൈകിട്ട് മൂങ്ങാംപാറ വനത്തിൽ ഷിജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രൻ നാറാണംമൂഴിയിലെ എഡ്‌ഡഡ് സ്‌കൂൾ അദ്ധ്യാപികയാണ്. ലേഖയ്ക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതിൽ മനംനൊന്താണ് ഷിജോ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.
ലേഖയുടെ ശമ്പളവുമായി ബന്ധപ്പെട്ട് ഷിജോ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഡിഇഒ ഓഫീസിൽ നിന്ന് ശമ്പളത്തിന്റെ രേഖകൾ ശരിയാകാത്തതിനെത്തുടർന്ന് ഷിജോ വകുപ്പ് മന്ത്രിയെ പലതവണ സമീപിച്ചു. തുടർന്ന് രേഖകൾ ശരിയാക്കി നൽകാൻ മന്ത്രിയുടെ ഓഫീസ് നിർദേശം നൽകുകയും ചെയ്തു. എന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിന് തയ്യാറായില്ല. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ഡിഇഒ ഓഫീസുമായി ബന്ധപ്പെട്ടിട്ടും തുടർനടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു.
ഷിജോയുടെ മകന് ഈറോഡിലെ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം ശരിയായിരുന്നു. ഇതിന് ആവശ്യമായ പണം നൽകാൻ കഴിയാതെ വന്നതും ഷിജോയെ മനപ്രയാസത്തിലാക്കിയിരുന്നു. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും ആരോപണമുണ്ട്. കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ.