ഭോപ്പാൽ: ഇസ്ലാം മതപരിവർത്തനത്തിന് വിസമ്മതിച്ച 35കാരിയെ കൊലപ്പെടുത്തി. മദ്ധ്യപ്രദേശ് നവാരയിലാണ് സംഭവം. ഭാഗ്യശ്രീ നാംദേവ് ധനുക് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷെയ്ഖ് റായീസ് (42) എന്നയാൾ അറസ്റ്റിലായി.
ഭാഗ്യശ്രീയുടെ വീട്ടിനുള്ളിലാണ് കൊലപാതകം നടന്നത്. യുവതിയുടെ കഴുത്തറുത്തതിനുശേഷം നിരവധി തവണ കുത്തുകയുമായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മതം മാറ്റത്തിനും വിവാഹത്തിനുമായി ഏറെ നാളായി റായീസ് ഭാഗ്യശ്രീയെ നിർബന്ധിക്കുകയായിരുന്നുവെന്ന് സഹോദരി സുഭദ്ര ഭായി പറഞ്ഞു. ശാരീരികമായും ഉപദ്രവിക്കുമായിരുന്നു. മതംമാറ്റത്തിന് വിസമ്മതിച്ചതിന്റെ പേരിലാണ് വീട്ടിൽ അതിക്രമിച്ച് കയറി റായീസ് സഹോദരിയെ കൊലപ്പെടുത്തിയതെന്നും സുഭദ്ര വെളിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഭാഗ്യശ്രീയുടെ കൊലപാതകത്തിൽ നിരവധി ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ലവ് ജിഹാദ് ആണെന്നും ചിലർ ആരോപിച്ചു. കൊലപാതകത്തിന് നാലുദിവസം മുൻപ് ഭാഗ്യശ്രീ റായീസിനെതിരെ പരാതി നൽകിയിരുന്നുവെന്നും റായീസിനെ തൂക്കിക്കൊല്ലണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ റായീസിന്റെ അനധികൃത സ്വത്തുക്കൾ അധികാരികൾ കണ്ടുകെട്ടി.