avacado

വെണ്ണപ്പഴമെന്ന പേരിൽ അറിയപ്പെടുന്ന അവാക്കാഡോ വയനാട്ടിലെ കർഷകർക്ക് നൽകുന്നത് പുതിയ പ്രതീക്ഷ. വയനാടൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ അവാക്കാഡോയ്ക്ക് വലിയ ഡിമാൻഡാണ്. ബ്രിട്ടീഷുകാരാണ് വയനാട്ടിൽ അവക്കാഡോ കൃഷി കൊണ്ടുവരുന്നത്. 1947ന് മുമ്പ് തന്നെ വയനാട്ടിൽ അവക്കാഡോ കൃഷിചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. നാലിനം അവക്കാഡോകളാണ് ഇപ്പോൾ സുലഭമായിട്ടുള്ളത്. ഇതിൽ ഓയിൽ കണ്ടന്റും രൂചിയും കൂടുതലുള്ള ഇനത്തിനാണ് കൂടുതൽ മാർക്കറ്റിംഗ് സാദ്ധ്യത.

എന്നാൽ വയനാടൻ അവക്കാഡോയ്ക്കാണ് കേരളത്തിന് പുറത്ത് വലിയ ഡിമാൻഡാണ്. മറ്റ് കൃഷികളെല്ലാം പരാജയപ്പെട്ടപ്പോൾ വലിയ മുതൽ മുടക്കില്ലാതെ അവക്കാഡോ കൃഷിയിലേക്ക് ഇറങ്ങിയ കർഷകർക്ക് ഇപ്പോൾ കോളടിച്ചിരിക്കുകയാണ്. ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്താൽ ഒരു ചെടിയിൽ നിന്ന് 5,000 മുതൽ 50,000 രൂപ വരെ ആദായം കൊയ്യാം. ജൂൺ, ജൂലായ് മാസങ്ങളിൽ ടൺ കണക്കിന് അവക്കാഡോയാണ് വയനാട്ടിലെ അമ്പലവയിൽ നിന്ന് കയറ്റിപ്പോകുന്നത്.

ദിവസങ്ങൾക്ക് മുമ്പ് വയനാട്ടിൽ നടന്ന അവക്കാഡോ ഫെസ്റ്റ് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകിയിട്ടുള്ളത്. അഞ്ഞൂറോളം കർഷകരാണ് ഈ മേളയിൽ പങ്കെടുത്തത്. ഈ ഫെസ്റ്റിൽ അവക്കാഡോ കൃഷിയുടെ സാദ്ധ്യതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിദഗ്ദർ ക്ലാസെടുത്തു. വയനാടൻ അവക്കാഡോയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനുള്ള പദ്ധതിയും മേളയുടെ ഭാഗമായി തുടക്കമായിട്ടുണ്ട്.