rashmika-mandanna

കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് രാജ്യം മുഴുവൻ ആരാധകരുള്ള താരമാണ് രശ്‌മിക മന്ദാന. തെലുങ്ക്, തമിഴ്, കന്നഡ. ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൂപ്പർ താരങ്ങളുമായി രശ്മിക ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. മുൻപ് തന്റെ ക്രഷിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ദളപതി വിജയ്‌യോട് കുട്ടിക്കാലം മുതൽ തനിക്ക് ക്രഷ് ഉണ്ടായിരുന്നുവെന്നാണ് നടി പറയുന്നത്. 2020ൽ പുറത്തിറങ്ങിയ 'ഭീഷ്മ' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് രശ്മിക ഇക്കാര്യം വെളിപ്പെടുത്തിയത്.

നടന്മാരിൽ നിന്ന് സുഹൃത്ത്, കാമുകൻ, ഭ‌ർത്താവ് എന്നിങ്ങനെ തിരിച്ചാൽ ആരെ തിരഞ്ഞെടുക്കുമെന്നാണ് നടിയോട് ചോദിക്കുന്നത്. അതിന് ഭീഷ്മ സിനിമയിലെ നടൻ നിതിനെ സുഹൃത്തായി നടി തിരഞ്ഞെടുക്കുന്നു. കാമുകനായി തിരഞ്ഞെടുക്കുന്നത് ദളപതി വിജയ്‌യെയാണ്. കുട്ടിക്കാലം മുതൽ വിജയ്‌യെ ഇഷ്ടമായിരുന്നുവെന്നും ഇന്നും അദ്ദേഹത്തെ തന്റെ സ്വപ്ന പങ്കാളിയായി കരുതുന്നുവെന്നുമാണ് രശ്മിക പറയുന്നത്. 2023ൽ പുറത്തിറങ്ങിയ 'വാരിസ്' എന്ന ചിത്രത്തിൽ ദളപതിയുടെ നായികയായി രശ്മിക എത്തിയിരുന്നു.

അതേസമയം,​ നടൻ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023 ജനുവരി മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യം വന്നത്. ഇരുവരും മാലദ്വീപിൽ അവധി ആഘോഷിച്ച ചിത്രങ്ങൾ മുൻപ് വെെറലായിരുന്നു. കഴിഞ്ഞ വർഷം ഇരുവരും ശ്രീലങ്കയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അഭ്യൂഹങ്ങൾ ശക്തമാക്കാൻ ഇടയാക്കി.